കറാച്ചി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് സ്ഥാപിച്ച സാർക്കിന് ബദലായി പുതിയ മേഖലാതല സംഘടന രൂപവത്കരിക്കാൻ പാകിസ്താനും ചൈനയും ചേർന്ന് ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങൾക്കിടയിൽ ഇതുസംബന്ധിച്ച ചർച്ച ഏറെ മുന്നോട്ടുപോയെന്നും മേഖലയിൽ പുതിയ സംഘടന സ്ഥാപിക്കാൻ ഇരുവരും സന്നദ്ധരായെന്നും പാക് പത്രമായ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവയാണ് സാർക്ക് അംഗങ്ങൾ. അടുത്തിടെ ചൈനയിലെ കുമ്മിങ്ങിൽ പാകിസ്താൻ, ചൈന എന്നിവക്കൊപ്പം ബംഗ്ലാദേശ് പ്രതിനിധികളും പങ്കെടുത്ത ചർച്ച ഈ വിഷയത്തിൽ നടന്നിരുന്നു. സാർക്കിൽ അംഗങ്ങളായ മറ്റ് രാജ്യങ്ങളെ കൂടി ഇതിലേക്ക് ക്ഷണിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചർച്ചയെങ്കിലും പാകിസ്താനും ചൈനയും ചേർന്ന സഖ്യത്തിനില്ലെന്നാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തീരുമാനം. അതേ സമയം ശ്രീലങ്ക, മാലദ്വീപ്, അഫ്ഗാനിസ്താൻ രാജ്യങ്ങൾ പങ്കാളിത്തം ഉറപ്പുനൽകിയേക്കാവുന്ന സഖ്യത്തിൽ ഇന്ത്യയെയും ക്ഷണിച്ചേക്കും.
സംഘടന നിലവിൽ വന്നാൽ ഇന്ത്യ- പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഏറെയായി പ്രവർത്തനം നിലച്ച സാർക്കിന് ബദലാകും. 2014നു ശേഷം ഇതുവരെ സാർക്ക് ഉച്ചകോടി നടന്നിട്ടില്ല. 2016ലെ ഉച്ചകോടി പാക് വേദിയായ ഇസ്ലാമാബാദിൽ നടക്കേണ്ടതായിരുന്നുവെങ്കിലും ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പങ്കെടുക്കാനാകില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളും പിന്മാറിയതോടെ ഉച്ചകോടി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.