കാഠ്മണ്ഡു: ദിവസങ്ങൾക്കുമുമ്പ് അനേക പട്ടണങ്ങളും ഗ്രാമങ്ങളും തുടച്ചുനീക്കിയ മിന്നൽ പ്രളയം നടന്ന ഭോട്ടെകോശി നദിയിൽ വീണ്ടും വെള്ളപ്പൊക്കം. പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നതിനിടെയാണ് പ്രദേശങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി നദിയിൽ ജലനിരപ്പുയർന്നത്.
ഇതുവരെ 768 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2,500ലേറെ പേരെ നേപ്പാളിലും 546 പേരെ ചൈനയിലും കാണാതായി. കാണാതായവർക്കായി ഊർജിത തിരച്ചിൽ തുടരുകയാണ്. 320 വിദേശികളടക്കം 2,502 പേരെ കാണാനില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.
ചൈനയിൽ 23 രാജ്യക്കാരായ 261 വിദേശികളടക്കം 546 പേരെയും കാണാതായി. നേപ്പാളിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും ചൈനയിൽ 49 ഇന്ത്യക്കാരെയും കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, കാണാതായവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ട്. പ്രളയ ബാധിതമായ മൂന്ന് ജില്ലകളിലെ വിവിധ സ്കൂളുകളിൽനിന്ന് 238 വിദ്യാർഥികളെയും 18 അധ്യാപകരെയും കാണാതായതായി സ്ഥിരീകരിച്ചു.
തിരച്ചിൽ അതിദ്രുതം പുരോഗമിക്കുന്ന ചിതവൻ ജില്ലയിൽനിന്ന് മാത്രം ഇതുവരെ 264 മൃതദേഹങ്ങൾ കണ്ടെടുത്തു. നവൽപരാസി ഈസ്റ്റിൽനിന്ന് 194ഉം നവൽപരാസി വെസ്റ്റിൽനിന്ന് 100ഉം ലഭിച്ചിട്ടുണ്ട്. ഗോർഖ, ധാഡിങ്, നുവാകോട്ട്, തനാഹു, റസുവ ജില്ലകളിൽനിന്നും മൃതദേഹങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. നേപ്പാളിൽ ഉത്ഭവിച്ച് ഇന്ത്യയിലെത്തുന്ന ഗാണ്ഡക് നദിയിൽ ഉത്തർ പ്രദേശിൽനിന്ന് 10 ഉം ലഭിച്ചു. പ്രളയ ബാധിത മേഖലകളിൽനിന്ന് 8,730 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കൈലാസ് മാനസസരോവർ യാത്രക്കു പോയി നേപ്പാള്‍ പ്രളയത്തിൽ കുടുങ്ങിയ കൊല്ലം സ്വദേശിയടക്കം ഏഴു പേരെ ഇനിയും ബന്ധപ്പെടാനായില്ല. ഇവരില്‍ നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുള്ളവരും ഒരാള്‍ക്ക് ബ്രിട്ടീഷ് പൗരത്വവും മറ്റൊരാൾക്ക് യു.എസ് പൗരത്വവുമാണ്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. കൈലാസ് മാനസസരോവർ യാത്രക്കു പോയ 19 മലയാളികൾ ഉള്‍പ്പെടുന്ന 23 അംഗ സംഘം ശനിയാഴ്ച രാത്രി കാഠ്മണ്ഡുവിലെത്തി. നാട്ടിലേക്ക് യാത്രക്കുള്ള തയാറെടുപ്പിലാണ് ഇവർ. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് പ്രളയം ഉണ്ടായത്. തുടർന്ന് ഇവരെ കോട്ടാരി വഴി സേവ ക്യാമ്പിൽ എത്തിക്കുകയായിരുന്നു. നേപ്പാളില്‍ നിന്നു മടങ്ങുന്നവരില്‍ ഡോ. രേഖ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവുമുണ്ട്. ഇവർ കൈലാസ ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്.
സംഘത്തിലെ മറ്റുള്ളവര്‍ കേരളത്തില്‍ കുടുംബവേരുള്ള ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. ഇതുകൂടാതെ, ട്രാവൽ ഏജൻസി വഴി കാഠ്മണ്ഡുവിലേക്കു വിനോദയാത്രക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം ഇന്ത്യയിൽ തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ ഇവര്‍ കോഴിക്കോട് എത്തും. നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതരാണ്. 16 പേര്‍ കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.