ബി.ബി.സി ഡോക്യുമെന്‍ററി മോദിയുടെ സന്ദർശനത്തിനിടെ ആസ്ട്രേലിയൻ പാർലമെന്‍റിൽ പ്രദർശിപ്പിക്കും

കാൻബറ: ഇന്ത്യയിൽ വിലക്കിയ ബി.ബി.സിയുടെ വിവാദ ഡോക്യുമെന്‍ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ആസ്ട്രേലിയൻ പാർലമെന്‍റ് ഹാളിൽ പ്രദർശിപ്പിക്കും. പ്രവാസി സംഘടനകളും ആംനസ്റ്റി അടക്കം മനുഷ്യാവകാശ ഗ്രൂപ്പുകളും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനോടൊപ്പമുള്ള പരിപാടിയിൽ ജയിലിൽ കഴിയുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്‍റെ മകൾ അക്ഷിത ഭട്ട്, ആംനെസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ മുൻ മേധാവി ആകാർ പട്ടേൽ എന്നിവർ പങ്കെടുത്ത് സംസാരിക്കും.


പെരിയാർ-അംബേദ്കർ തോട്ട് സർക്കിൾ ആസ്ട്രേലിയ, ദ ഹ്യുമനിസം പ്രോജക്ട്, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ആസ്ട്രേലിയ- ന്യൂസിലൻഡ് ചാപ്റ്ററുകൾ, മുസ്‍ലിം കലക്ടിവ് തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. പ്രദർശനം കഴിഞ്ഞ ശേഷം ഗുജറാത്ത് കലാപം, 2014ന് ശേഷമുള്ള ഇന്ത്യ വിഷയങ്ങളിൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. പാർലമെന്‍റിലെ പൊതുപരിപാടികൾക്ക് അനുവദിക്കുന്ന ഹാളിലാണ് പ്രദർശനവും ചർച്ചയും നടക്കുക. ആസ്ട്രേലിയൻ സെനറ്റർമാരായ ഡേവിഡ് ഷൂബ്രിജ്, ജോർഡൻ സ്റ്റീൽ-ജോൺ എന്നിവർ പരിപാടിയിൽ സംസാരിക്കും.


അതിനിടെ, പാപുവ ന്യൂഗിനിയ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രേലിയയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ആസ്ട്രേലിയയിൽ. സിഡ്‌നിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ആസ്ട്രേലിയന്‍ ഹൈക്കമീഷണറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചനടത്തും.

Tags:    
News Summary - BBC's Modi Documentary To Be Screened in Australian Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.