അടച്ചുപൂട്ടൽ ഭീഷണിയിൽ ബംഗ്ലാദേശിന്‍റെ വസ്ത്ര വ്യാപാര മേഖല. ഇറക്കുമതി നികുതി രഹിത നൂലുകൾ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക നെയ്ത്തുകാർക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് രാജ്യത്തുള്ളത്.
ബോണ്ടഡ് വെയർഹൗസ് സംവിധാനത്തിന് കീഴിൽ, വസ്ത്ര നിർമ്മാതാക്കൾക്ക് നികുതിയോ തീരുവയോ നൽകാതെ നൂൽ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. ഇത് ഇറക്കുമതി ചെയ്യുന്ന നൂലിനെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന നൂലിനേക്കാൾ വിലകുറഞ്ഞതാക്കുന്നു.
ഇത് ഉപജീവനമാർഗത്തെ ബാധിക്കുന്നതായി പ്രാദേശിക നെയ്ത്തുകാർ ആരോപിക്കുന്നു. ഈ നയം തങ്ങളുടെ ബിസിനസിനെ ബാധിച്ചുവെന്നും ഓർഡറുകൾ കുറയുന്നതിനും സാമ്പത്തിക നഷ്ടത്തിനും ഫാക്ടറി അടച്ചുപൂട്ടൽ ഭീഷണിക്കും കാരണമായെന്നും പ്രാദേശിക നെയ്ത്തുകാർ വാദിക്കുന്നു.
ഇതിന് മറുപടിയായി, ജനുവരി അവസാനത്തോടെ സർക്കാർ നൂലുകളുടെ നികുതി രഹിത ഇറക്കുമതി റദ്ദാക്കിയില്ലെങ്കിൽ ഫെബ്രുവരി ഒന്ന് മുതൽ രാജ്യവ്യാപകമായി പ്രവർത്തനം നിർത്തിവെക്കുമെന്ന് മില്ലുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നികുതി രഹിത ഇറക്കുമതി പിൻവലിക്കാൻ വാണിജ്യ മന്ത്രാലയം ദേശീയ റവന്യൂ ബോർഡിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതോടെ സ്ഥിതി കൂടുതൽ വഷളായി. ഇടക്കാല സർക്കാരിൽ വേഗത്തിൽ നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതാണ് നടപടി.
ന്യായമായ വിലയും ഗുണനിലവാരവും കാരണം ബംഗ്ലാദേശിലെ വസ്ത്ര നിർമ്മാതാക്കളും കയറ്റുമതിക്കാരും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോട്ടൺ നൂലിനെയും ചൈനയിൽ നിന്നുള്ള പോളിസ്റ്റർ നൂലിനെയുമാണ് വർഷങ്ങളോളം ആശ്രയിച്ചിരുന്നത്.
എന്നിരുന്നാലും, ഈ ആശ്രയത്വം ആഭ്യന്തര തുണി വ്യവസായത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി പ്രാദേശിക നെയ്ത്തുകാർ പറയുന്നു.
വിലകുറഞ്ഞ ഇന്ത്യൻ നൂൽ ആഭ്യന്തര വിപണിയിൽ നിറഞ്ഞുവെന്നും 12,000 കോടിയിലധികം വിലമതിക്കുന്ന സ്റ്റോക്കുകൾ വിറ്റൊഴിയാതെ വിപണിയിൽ അവശേഷിക്കുന്നതായും ബംഗ്ലാദേശ് ടെക്സ്റ്റൈൽ മിൽസ് അസോസിയേഷൻ അറിയിച്ചു.
50 ലധികം ടെക്സ്റ്റൈൽ മില്ലുകൾ ഇതിനകം അടച്ചുപൂട്ടി. ഇതുവഴി ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായി. സാമ്പത്തിക സമ്മർദം വർധിക്കുന്നതിനാൽ നെയ്ത്തുകാർ വായ്പകൾ തിരിച്ചടയ്ക്കാൻ പാടുപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.