ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്‍

ബീജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്‍. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള താരീഖ് റഹ്മാന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെയാണ് ബീജിങിൽ വച്ച് ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിക്കുന്നതിന്‍റെ സൂചനയായി ഈ കൂടിക്കാഴ്ചയെ കണക്കാക്കാം. അതേ സമയം ചൈനീസ് പ്രധാനമന്ത്രി പ്രധാനമന്ത്രി ലി ക്വിയാംഗുമായി വ്യാഴാഴ്ച താരീഖ് റഹ്മാന്‍ കൂടിക്കാഴ്ച നടത്തയിരുന്നു. കൂടിക്കാഴ്ചക്കിടെ ഗ്ലോബൽ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവിന് കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി ധാരണാപത്രങ്ങളിൽ ഇരുനേതാക്കളും ഒപ്പുവെച്ചു. പിന്നാലെ ചൈനീസ് പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ താരീഖ് റഹ്മാനും അദ്ദേഹത്തിന്‍റെ പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു.

ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയിൽ ബംഗ്ലാദേശിന്‍റെ ദേശീയതാത്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമന്ത്രി ഉന്നയിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് വക്താവ് മഹ്ദി അമീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സന്ദർശനം ബംഗ്ലാദേശ്-ചൈന ബന്ധത്തിന്‍റെ വിവിധ തലങ്ങളെ കൂടുതൽ ആഴത്തിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാപാരം, നിക്ഷേപം, തൊഴിൽ, വികസന പദ്ധതികൾ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തടുങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ താരീഖ് റഹ്മാന്‍റെ ചൈന സന്ദർശനം വഴിവെക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ടീസ്ത പ്ലാന്‍ പോലുള്ള സുപ്രധാന പദ്ധതികളിൽ ബംഗ്ലാദേശിന് ചൈനയുടെ സഹായം അനിവാര്യമാണ്. ഇതുൾപ്പടെ ബംഗ്ലാദേശിന്‍റെ വിവിധ നദീതടങ്ങളുടെ സംരക്ഷണത്തിനായി ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ ചൈനയുടെ 24 ജെ-10സിഇ പോലുള്ള മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ബംഗ്ലാദേശിന്‍റെ തീരുമാനം. ബീജിങിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വിവിധ മേഖലകളിലെ സഹകരണത്തിനായി ഇരുരാജ്യങ്ങളും 13 ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്.

ബംഗ്ലാദേശും ചൈനയും തമ്മിൽ എപ്പോഴും നല്ല സൗഹൃദമുണ്ടായിരിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു. ‘ചൈന-ബംഗ്ലാദേശ് ബന്ധത്തിന് ചൈന എപ്പോഴും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ബംഗ്ലാദേശിലെ ജനങ്ങളോട് സൗഹൃദപരമായ നയം പിന്തുടരുന്നുണ്ടെന്നും പ്രസിഡന്റ് ഷി വ്യക്തമാക്കി. ലോകം എങ്ങനെ മാറിയാലും, ബംഗ്ലാദേശുമായുള്ള സൗഹൃദം കെട്ടിപ്പടുക്കുന്നതിൽ ചൈന വിട്ടുവീഴ്ച ചെയ്യില്ല. ചൈന എപ്പോഴും ബംഗ്ലാദേശിന്റെ വിശ്വസ്തനായ നല്ല സുഹൃത്തും നല്ല അയൽക്കാരനും നല്ല പങ്കാളിയുമായിരിക്കും. ദേശീയ സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവ ഉയർത്തിപ്പിടിക്കാനും വിദേശ ഇടപെടലുകളെ ചെറുക്കാനും ചൈന ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നു’ -മാവോ നിംഗ് കൂട്ടിചേർത്തു. ഔദ്യോഗിക പര്യടനം പൂർത്തിയാക്കി പ്രധാമന്ത്രി താരീഖ് റഹ്മാന്‍ ഇന്ന് ധാക്കയിലേക്ക് മടങ്ങും.

Tags:    
News Summary - Bangladesh Prime Minister Tarique Rahman held a meeting with Chinese President Xi Jinping.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.