വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാൻ ഭരണകൂടം തിരികെ നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കിൽ അഫ്ഗാന് മോശം കാര്യങ്ങൾ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
നിലവിൽ ബാഗ്രാം എയർബേസ് താലിബാൻ നിയന്ത്രണത്തിലാണ്. യു.എസ് 2021ൽ സൈന്യത്തെ പിൻവലിച്ചതിനെ തുടർന്നാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാനായത്. വ്യോമതാവളത്തിന്റെ നിയന്ത്രണം ലഭ്യമായാൽ അഫ്ഗാനിസ്താനും ചൈനക്കുമിടയിൽ തന്ത്രപ്രധാനമായൊരു സ്ഥലം യു.എസിന് ലഭിക്കും. കഴിഞ്ഞ ദിവസം ലണ്ടൻ സന്ദർശനം നടത്തിയപ്പോഴും ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഞങ്ങൾ അഫ്ഗാനിസ്താൻ വിടുമ്പോൾ കരുത്തോടേയും ശക്തിയോടേയുമാണ് അത് ചെയ്യുക. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. അത് ലോകത്തിലെ ഏറ്റവും വലിയ വ്യോമതാവളങ്ങളിൽ ഒന്നാണെന്ന് യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറുമായുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഒന്ന് വാങ്ങാതെയാണ് ഞങ്ങൾ അത് കൊടുത്തത്. ഇപ്പോൾ അത് ഞങ്ങൾ തിരികെ വാങ്ങാൻ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ നീക്കത്തോട് ചൈന എതിർപ്പ് അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ ഭാവി അവിടത്തെ ജനങ്ങളുടെ കൈയിലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. അഫ്ഗാൻ ജനതയുടെ പുരോഗതിയിൽ എല്ലാവരും സൃഷ്ടിപരമായ പങ്ക് ഇക്കാര്യത്തിൽ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളിൽ അഫ്ഗാനിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ അഫ്ഗാൻ മണ്ണിലെ ഒരിഞ്ച് പോലും വിദേശസൈന്യത്തിനായി വിട്ടുകൊടുക്കില്ലെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞിരുന്നു. ഈ സന്ദേശം ട്രംപിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.