ന്യൂസിലാൻഡ് ദ്വീപുകളിലെ ഇന്റർനെറ്റും റേഡിയോയും അബദ്ധത്തിൽ തടസ്സപ്പെടുത്തി ആസ്‌ട്രേലിയൻ സേനയുടെ കപ്പൽ

വെല്ലിങ്ടൺ: ന്യൂസിലൻഡിന്റെ തെക്കു വടക്കൻ ദ്വീപുകളിലെ വയർലെസ്, ഇന്റർനെറ്റ്, റേഡിയോ സേവനങ്ങൾ തങ്ങളുടെ ഒരു കപ്പൽ അബദ്ധത്തിൽ തടസ്സപ്പെടുത്തിയെന്ന് സമ്മതിച്ച് ആസ്‌ട്രേലിയൻ പ്രതിരോധ സേന. ആസ്‌ട്രേലിയൻ നാവികസേനയിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എച്ച്.എം.എ.എസ് കാൻബെറ ന്യൂസിലാൻഡ് തലസ്ഥാനമായ വെല്ലിങ്ടണിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ന്യൂസിലൻഡിന്റെ തീരത്തുകൂടി കടന്നുപോവെ, നോർത്ത് ഐലൻഡിലെ തരാനകി മുതൽ സൗത് ഐലൻഡിലെ മാർൽബറോ മേഖല വരെയുള്ള ഒരു വലിയ പ്രദേശത്തെ വയർലെസ്, റേഡിയോ സിഗ്നലുകളെയാണ് തടസ്സപ്പെടുത്തിയത്.

ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 2 മണിക്കു ശേഷമാണ് തടസ്സങ്ങൾ ആരംഭിച്ചതെന്ന് ഒരു പ്രാദേശിക ടെക് മേധാവി അവകാശപ്പെട്ടു. പ്രശ്നം റിപ്പോർട്ട് ചെയ്തതിന് ശേഷം ആസ്‌ട്രേലിയൻ പ്രതിരോധ സേനയുമായി ബന്ധപ്പെട്ടതായി ന്യൂസിലൻഡ് പ്രതിരോധ സേന അറിയിച്ചു.

വെല്ലിങ്ടണിലേക്ക് അടുക്കുമ്പോൾ തരാനകിയിലെ മാൾബറോ മേഖലയിലേക്കുള്ള വൈ ഫൈയിൽ തങ്ങളുടെ നാവിഗേഷൻ റഡാർ ഇടപെടുന്നതായി എച്ച്.എം.എ.എസ് കാൻബറക്ക് മനസ്സിലായെന്ന് എ.ഡി.എഫ് വക്താവ് പറഞ്ഞു. അറിഞ്ഞപ്പോൾ അത് പരിഹരിക്കുന്നതിനായി കാൻബറ ഫ്രീക്വൻസികൾ മാറ്റി. തുടർച്ചയായ തടസ്സങ്ങളൊന്നുമില്ലെന്നും സംഭവം ഇപ്പോൾ പരിഹരിച്ചതായി കരുതുന്നുവെന്നും ന്യൂസിലൻഡ് പ്രതിരോധ സേന അറിയിച്ചു.

രാജ്യത്തെ റേഡിയോ സ്പെക്ട്രം മാനേജ്മെന്റ്, വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധ റേഡിയോ സ്പെക്ട്രം ബാൻഡുകളിലേക്ക് പ്രവേശനം നൽകുന്നുണ്ട്. അവയിൽ ചിലത് പങ്കിട്ടുപയോഗിക്കുന്നതാണെന്നും ന്യൂസിലാൻഡിന്റെ തൊഴിൽ മന്ത്രാലയത്തിലെ റേഡിയോ സ്പെക്ട്രം നയ ആസൂത്രണ മാനേജർ ഡാൻ ഒ ഗ്രാഡി പറഞ്ഞു.

ചില സ്പെക്ട്രം ബാൻഡുകൾ സൗജന്യവും ആർക്കും ഉപയോഗിക്കാനുമാവുന്നതുമാണ്. വൈഫൈ, ബ്ലൂടൂത്ത് എന്നിവക്കായുള്ള പങ്കിട്ട സ്പെക്ട്രം ബാൻഡുകൾ പോലുള്ളവ. ബുധനാഴ്ച സംഭവിച്ച ഇടപെടൽ ഇത്തരം ബാൻഡുകളിലൊന്നിലായിരുന്നുവെന്ന് ഒ ഗ്രാഡി പറഞ്ഞു.

Tags:    
News Summary - Australian navy ship accidentally blocks internet and radio across parts of New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.