ഹെഗ്സെത്തിന്റെ കൊലവിളിക്കു പിന്നാലെ വെനിസ്വേലൻ ബോട്ട് ആക്രമണം; ട്രംപ് ഭരണകൂടത്തെ സമ്മർദത്തിലാക്കാൻ യു.എസ് സെനറ്റർമാർ

വാഷിങ്ടൺ: യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സെത്ത് കരീബിയൻ കടലിൽ ബോട്ടുകളുമായി കാണുന്നവരെ കൊല്ലാൻ ഉത്തരവിട്ടുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, സംശയിക്കപ്പെടുന്ന വെനിസ്വേലൻ മയക്കുമരുന്ന് ബോട്ടുകളിൽ സൈനിക ആക്രമണങ്ങൾ നടത്തിയതിനെക്കുറിച്ച് മറുപടി ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനൊരുങ്ങി യു.എസ് നിയമ നിർമാതാക്കൾ.

വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിനെത്തുടർന്ന്, കരീബിയനിലെ യു.എസ് ബോട്ടിനു നേർക്കുള്ള മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിരീക്ഷണം നടത്തുമെന്ന് റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള കമ്മിറ്റികൾ നിലപാട് കടുപ്പിച്ചു.

യു.എസ് സൈനിക ആക്രമണങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് അവലോകനങ്ങളെ പിന്തുണക്കുന്നതായി ടോക്ക് ഷോകളിൽ പ്രത്യക്ഷപ്പെട്ട റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് സാമാജികർ പറഞ്ഞു. ബോട്ട് ആക്രമണങ്ങളെ അപലപിക്കുകയും ആരോപണങ്ങളിൽ ‘കർശനവും സമഗ്രവുമായ അന്വേഷണം’ നടത്താൻ സമ്മർദമേറ്റുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് ശരിയാണെങ്കിൽ ഇത് ഒരു യുദ്ധക്കുറ്റത്തിന്റെ തലത്തിലേക്ക് മാറുമെന്ന് ഡെമോക്രാറ്റ് സെനറ്റർ ടിം കെയ്ൻ പ്രതികരിച്ചു. ‘അങ്ങനെ സംഭവിച്ചാൽ അത് വളരെ ഗൗരവമുള്ളതായിരിക്കും. അത് നിയമവിരുദ്ധമായ പ്രവൃത്തിയായിരിക്കുമെന്നും’ ഇന്റലിജൻസ് കമ്മിറ്റിയുടെ മുൻ ചെയർമാനായ ടർണർ പറഞ്ഞു.

സെപ്റ്റംബർ 2ന് ഒരു ബോട്ടിൽ യു.എസ് നടത്തിയ ആദ്യ ആക്രമണത്തിൽ രണ്ട് പേർ രക്ഷപ്പെട്ടിരുന്നു. എന്നാൽ, പീറ്റ് ഹെഗ്‌സെത്ത് ‘എല്ലാവരെയും കൊന്നു കത്‍യാൻ’ നിർദേശിച്ചുവെന്നും ഓപ്പറേഷന്റെ മേൽനോട്ടം വഹിക്കുന്ന സ്‌പെഷൽ കമാൻഡർ, ഹെഗ്‌സെത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ രണ്ടാമത്തെ ആക്രമണം നടത്താൻ ഉത്തരവിട്ടു എന്നും വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ടിരുന്നു. റിപ്പോർട്ട് വ്യാജ വാർത്ത ആണെന്ന് അപലപിച്ച ഹെഗ്സെത്ത്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ 100 ശതമാനവും വിശ്വസിക്കുന്നുവെന്ന് പറഞ്ഞു.

വെനിസ്വേല, കൊളംബിയ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര ജലാശയങ്ങളിലെ മയക്കുമരുന്ന് കള്ളക്കടത്ത് ബോട്ടുകൾക്കെതിരായ നടപടിയെന്ന് വിശേഷിപ്പിച്ച് അമേരിക്ക കരീബിയൻ മേഖലയിൽ തങ്ങളുടെ സൈനിക സാന്നിധ്യം വിപുലീകരിക്കുകയും നിരവധി മാരകമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. സെപ്റ്റംബർ ആദ്യം മുതൽ 80ലധികം പേരാണ് കൊല്ലപ്പെട്ടത്.

യു.എസിലേക്ക് നിയമവിരുദ്ധ മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകൾ നശിപ്പിച്ചുകൊണ്ട് സ്വയം പ്രതിരോധ നടപടി സ്വീകരിക്കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, ഈ ആരോപണം വെന​സ്വേലൻ ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ മേഖലയിൽ സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്ന് വെനിസ്വേലൻ സർക്കാർ കുറ്റപ്പെടുത്തി. യുദ്ധ സമാനമായ തയ്യാറെടുപ്പോടെ കരീബിയൻ കടലിൽ വിമാനവാഹിനിക്കപ്പലും സ്റ്റെൽത്ത് വിമാനവും ​വിന്യസിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷനിൽ യു.എസ് ഒപ്പുവച്ചിട്ടില്ല. കൺവെൻഷൻ പ്രകാരം, അന്താരാഷ്ട്ര ജലാശയങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകളിൽ ഇടപെടി​ല്ലെന്ന് അതിൽ ഒപ്പുവെച്ച രാജ്യങ്ങൾ സമ്മതിക്കുന്നു.

Tags:    
News Summary - Attack on Venezuelan boats after Peter Hegseth's death threat; US to pressure Trump administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.