ഖാർത്തൂം: സുഡാനിലെ അൽ-ഉബൈദിൽ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. നിലവിൽ സുഡാനീസ് സായുധ സേനയുടെ (എസ്.എ.എഫ്) നിയന്ത്രണത്തിലുള്ള അൽ ഉബൈദ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്). കുർദുഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അൽ ഉബൈദ്.
പോരാട്ടം ശക്തമാകുന്നതിനനുസരിച്ച് കുർദുഫാനിലെ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആർ.എസ്.എഫ് സമീപ നഗരമായ ബാര തിരിച്ചുപിടിച്ച് നോർത്ത് ദാർഫൂറിലെ അൽഫാഷിറിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ 70,000ത്തിലധികം ആളുകളാണ് അൽ ഉബൈദിലേക്ക് പലായനം ചെയ്തത്. അടിയന്തര വെടിനിർത്തലിനും സാധാരണക്കാരുടെ സംരക്ഷണത്തിനും യു.എൻ ആഹ്വാനം ചെയ്തു.
2023ൽ എസ്.എ.എഫും ആർ.എസ്.എഫും തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 1.2 കോടിയോളം ജനങ്ങൾ പലായനം ചെയ്തു. യു.എസിന്റെ വെടിനിർത്തൽ നിർദേശങ്ങൾക്കിടയിലും ആർ.എസ്.എഫിനെതിരെ സൈന്യം പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുഡാൻ പ്രതിരോധ മന്ത്രി ഹസൻ കബ്രൗൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.