യു.എസിൽ വൻ നാശം വിതച്ച്​ ചുഴലി; 100ലധികം മരണം

വാഷിങ്ടൺ: യു.എസിൽ ചുഴലിക്കാറ്റ്​ നാശംവിതക്കൽ തുടരുന്നു. ഇതിനകം നൂറിലധികം ആളുകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടതായാണ്​ വിവരം. ആറ് സംസ്ഥാനങ്ങളിലായി 30ലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നാല്​ ചുഴലിക്കാറ്റുകൾ വീശിയടിച്ച കെന്‍റക്കി സംസ്ഥാനത്ത് ആണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70 പേർ മരിച്ചതായി കെന്‍റക്കി ഗവർണർ ആൻഡി ബിഷ്യർ അറിയിച്ചു.

മരണം 100 കടന്നേക്കുമെന്നും ഗവർണർ പറഞ്ഞു. മണിക്കൂറിൽ 365 കിലോമീറ്ററായിരുന്നു ഒരു ചുഴലിയുടെ വേഗം. പടിഞ്ഞാറൻ കെന്‍റക്കിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി. മെഴുകുതിരി ഫാക്ടറിയും ഇലിനോയിയിലെ ഒരു ആമസോൺ കേന്ദ്രവും അർകെൻസയിലെ നഴ്സിങ് ഹോമും ചുഴലിക്കാറ്റിൽ തകർന്നു. കെന്‍റക്കിയിൽ മരിച്ചവരിൽ ഏറെയും മെഴുകുതിരി ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ്. ക്രിസ്മസ് പ്രമാണിച്ച് നിരവധിപ്പേര്‍ രാത്രിയിൽ ജോലി ചെയ്തിരുന്നു. ആമസോൺ കേന്ദ്രത്തിൽനിന്ന് ആറ്​ മരണം റിപ്പോർട്ട് ചെയ്തു.

നിരവധിപ്പേരെ കാണാതായെന്നും ഗവർണർ പറയുന്നു. ടെനിസി, മിസോറി, മിസിസിപ്പി എന്നിവയാണു ചുഴലിക്കാറ്റുണ്ടായ മറ്റു സംസ്ഥാനങ്ങൾ. നിരവധി വീടുകളും ബിസിനസ്​ സ്​ഥാപനങ്ങളും തകർന്നിട്ടുണ്ട്​. ചുഴലിക്കാറ്റ്​ ബാധിച്ച സംസ്​ഥാനങ്ങൾക്ക്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ സഹായം പ്രഖ്യാപിച്ചു. ചരിത്രത്തിലെ "ഏറ്റവും വലിയ" കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടതായി ബൈഡൻ പറഞ്ഞു. ഏറ്റവും കൂടുതൽ നാശം വിതച്ച കെന്‍റക്കി സംസ്ഥാനത്തിന് അടിയന്തര ദുരന്ത സഹായവും ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇവിടെ 22 പേർ മരിച്ചതായാണ്​ നിലവിലെ കണക്ക്​. 

Tags:    
News Summary - At least 100 feared dead after tornadoes devastate midwestern US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.