െബയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ ആഞ്ഞടിച്ച ഹാറ്റോ ചുഴലിക്കാറ്റ് പരക്കെ നാശം വിതച്ചു. മൂന്നുപേർ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തു. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 64 മേഖലകളിലായി 4,10,000 ആളുകളുടെ ജീവിതത്തെ ബാധിച്ചു. 8400 പേരെ ഒഴിപ്പിച്ചു. 85 വീടുകൾ തകർന്നു. ചൈനയിൽ ഇൗ വർഷം വീശുന്ന 13ാമത്തെ ചുഴലിക്കാറ്റാണ് ഹാറ്റോ. സുഹായ് പട്ടണത്തിൽ മണ്ണിടിച്ചിലുണ്ടാക്കിയശേഷം ദുർബലമായ ഹാറ്റോ പടിഞ്ഞാറൻദിശയിലേക്ക് നീങ്ങി.
യുനാൻ അധികൃതർ അടിയന്തര ദുരിതാശ്വാസനടപടികൾ സ്വീകരിച്ചു. സന്നദ്ധസേനാംഗങ്ങളെയും അവശ്യസാധനങ്ങളും പ്രശ്നബാധിതമേഖലകളിലേക്ക് അയച്ചിട്ടുണ്ട്. ഷാവോതോങ്ങിലെ യാഞ്ഞിനിൽ കനത്ത മഴയിൽ കാണാതായ ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.
വെള്ളപ്പൊക്കത്തിൽ വീട് തകർന്നതിനെത്തുടർന്നാണ് രണ്ട് കുടുംബങ്ങളിൽനിന്നുള്ള ഏഴ്പേരെ കാണാതായത്. ഷാേവാതോങ്ങിലെ എട്ട് മേഖലകളിൽനിന്നുള്ള ഒന്നരലക്ഷം പേരെയാണ് പേമാരി ബാധിച്ചത്. സീലിയാങ്ങിൽ മണ്ണിടിച്ചിലിനെത്തുടർന്ന് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതോടെ തടാകം രൂപപ്പെട്ടു. രണ്ടായിരത്തോളം പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
ജിൻപിങ്ങിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഏഴ് വീടുകൾ തകരുകയും ആറുപേരെ കാണാതാവുകയും െചയ്തു. പെഖാർ എന്ന ചുഴലിക്കാറ്റ് ഗ്വാങ്ഡോങ്ങിൽ ഞായറാഴ്ച വീശിയടിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. സെക്കൻഡിൽ 28-35 മീറ്റർ വേഗത്തിൽ കാറ്റുവീശും. ഗ്വാങ്ഡോങ്ങിൽ ഹാറ്റോയെത്തുടർന്ന് ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഉടനെതന്നെ എല്ലാം പഴയതുപോലെയാക്കാൻ ബുദ്ധിമുട്ടാണെന്നും അടുത്ത ചുഴലിക്കാറ്റിനെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കുകയെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും ദുരിതാശ്വാസവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.