ഹിംസില്‍ ചാവേറാക്രമണ പരമ്പര; 42 മരണം

ബൈറൂത്: സിറിയയിലെ തന്ത്രപ്രധാന നഗരമായ ഹിംസിലെ രണ്ട് സുരക്ഷതാവളങ്ങളില്‍ ചാവേറാക്രമണ പരമ്പര. ആറിലേറെ ചാവേറുകള്‍ പൊട്ടിത്തെറിച്ചു. 42 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. 32 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ഹിംസ് ഗവര്‍ണര്‍ തലാല്‍ ബര്‍സാനി പറഞ്ഞു. ജനീവയില്‍ യു.എന്‍ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം. രണ്ടുദിവസത്തിനിടെ വിവിധ ആക്രമണങ്ങളില്‍ 80ലേറെ പേരുടെ ജീവന്‍ പൊലിഞ്ഞതോടെ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി. വടക്കന്‍ സിറിയയിലെ അല്‍ബാബ് നഗരത്തില്‍ കഴിഞ്ഞ ദിവസം ചാവേറാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഗൂതയിലെയും അല്‍മഹാതയിലെയും സുരക്ഷ-സൈനിക ആസ്ഥാനങ്ങള്‍ക്കു നേരെയാണ് ഇപ്പോള്‍ ആക്രമണം നടന്നത്. ഇന്‍റലിജന്‍സ് മേധാവിയും പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ വിശ്വസ്തനുമായ ജന. ഹസന്‍ ദാബൂളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്‍െറ മരണവിവരം സിറിയന്‍ ടെലിവിഷന്‍ ചാനല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേറുകളുടെ പ്രധാന ഉന്നം ഇദ്ദേഹമായിരുന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിത്തെറിക്കുന്നതിനുമുമ്പ് ആക്രമികളും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായി. വെടിവെപ്പ് രണ്ടുമണിക്കൂറോളം നീണ്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ പറഞ്ഞു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്ന നുസ്റതുല്‍ ഫ്രണ്ടിന്‍െറ പുതിയ പതിപ്പായ ഫതഹ് അല്‍ ശാം ഏറ്റെടുത്തു. 2014 മുതല്‍ ഹിംസ് നഗരം സര്‍ക്കാറിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണ്. എന്നാല്‍, അതിനുശേഷവും ഇവിടെ ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഇരട്ട ബോംബാക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിനെ പോലെ ഫതഹ് അല്‍ ശാമിനും വെടിനിര്‍ത്തല്‍ കരാറുകള്‍ ബാധകമല്ല. കഴിഞ്ഞവര്‍ഷം അല്‍ഖാഇദയുമായി ബന്ധം വിച്ഛേദിച്ചെങ്കിലും സംഘടന ഇപ്പോഴും യു.എന്‍ കരിമ്പട്ടികയിലാണ്. 

2015ല്‍ ഇദ്ലിബ് പ്രവിശ്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകള്‍ ഐ.എസുമായി ഫതഹ് കീഴടക്കിയിരുന്നു. ഫതഹ് സര്‍ക്കാറുമായുണ്ടാക്കിയ അനുരഞ്ജനത്തിന് ശ്രമിച്ചതോടെ ഇരുസംഘങ്ങളും തമ്മിലുള്ള ബന്ധം വഷളായി.  
 

Tags:    
News Summary - Suicide attacks on security forces in Syria's Homs kill 42

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.