കൊളംബോ: ന്യൂസിലൻഡിന് സമ്മാനമായി നൽകിയ ആനയെ രാജ്യത്തുനിന്ന് കൊണ്ടുപോകുന്നത് ശ്രീലങ്ക തടഞ്ഞു. മൃഗസംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് ആനയെ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞത്. ആറു വയസ്സുള്ള ‘നന്തി’യെന്ന പിടിയാനയെ അവളുടെ കുടുംബത്തിൽനിന്ന് അകറ്റുന്നത് ക്രൂരതയാണെന്നാണ് മൃഗസംരക്ഷണ പ്രവർത്തകരുടെ വാദം.
2016 ഫെബ്രുവരിയിൽ കൊളംബോയിൽ നടന്ന യോഗത്തിലാണ് ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജോൺ കീന് ശ്രീലങ്ക പ്രസിഡൻറ് മൈത്രിപാല സിരിസേന ആനയെ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉത്തമ നയതന്ത്രബന്ധം അടയാളപ്പെടുത്തുന്നതിനാണ് ആനയെ നൽകിയത്. നന്തിയെ ഒാക്ലൻഡ് മൃഗശാലയിലേക്കുള്ള യാത്രക്ക് ഒരുക്കുന്നതിന് ന്യൂസിലൻഡിലെ മൃഗഡോക്ടർമാർ കഴിഞ്ഞവർഷം രാജ്യത്തെത്തിയിരുന്നു.
എന്നാൽ, ഇതിനെ എതിർത്ത് മൃഗാവകാശപ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. നന്തിയെ വിദേശരാജ്യത്തേക്ക് കൊണ്ടുപോകില്ലെന്ന് വെള്ളിയാഴ്ച ശ്രീലങ്കൻ കോടതി പറഞ്ഞ സാഹചര്യത്തിൽ സംഭവത്തിൽ പ്രവർത്തകർക്ക് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. കേസിെൻറ അന്തിമവിധി അടുത്ത മാസത്തേക്കാണ് മാറ്റിയത്.
ഒാക്ലൻഡിലെ കൊടുംതണുപ്പിനെ നേരിടാൻ നന്തിക്ക് കഴിഞ്ഞേക്കില്ലെന്ന് പ്രവർത്തകരിൽ ഒരാളും ബുദ്ധസന്യാസിയുമായ ഒമാൽപ് സോബിദ അഭിപ്രായപ്പെട്ടു. ഒക്ലൻഡിലെ ശരാശരി അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസും ശ്രീലങ്കയിൽ ഇത് 27 ഡിഗ്രി സെൽഷ്യസുമാണ്.
മുമ്പ് ന്യൂസിലൻഡിന് സമ്മാനിച്ച ‘അഞ്ജലി’ എന്ന പിടിയാനക്കുട്ടിയെ 2015ൽ ഒാക്ലൻഡിലെ മൃഗശാലയിലേക്ക് കൊണ്ടുപോയിരുന്നു. ഒാക്ലൻഡിൽ എത്തിയശേഷം അഞ്ജലിക്ക് 700 കിലോ ഭാരം വർധിച്ചതായും നന്തിയോടൊപ്പം അവൾക്ക് ന്യൂസിലൻഡിൽ സന്തോഷത്തിെൻറ ദിനങ്ങളായിരിക്കുമെന്നും കീ, സിരിസേനയോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.