പാമ്പിന് പാലു കൊടുക്കരുതെന്ന് ഒരു പഴമൊഴിയുണ്ട്. ഇൗജിപ്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി നേതാവ് മുഹമ്മദ് മുർസിയുടെ കാര്യത്തിൽ അത് അച്ചട്ടമായി. തന്നെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത അബ്ദുൽ ഫത്താഹ് അൽസീസിയെ സായുധസേനയുടെ ഫീൽഡ് മാർഷൽ പദവിയിൽനിന്ന് പ്രതിരോധമന്ത്രി സ്ഥാനത്തേക്കുയർത്തിയത് മുഹമ്മദ് മുർസിയായിരുന്നു. 2012ലായിരുന്നു ഇൗ നിയമനം. ഹുസ്നി മുബാറക്കിെൻറ 30 വർഷത്തെ ഏകാധിപത്യ ഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ച ഇൗജിപ്തിൽ മുർസി നടപ്പാക്കിയ ഭരണപരിഷ്കരണം. യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിപ്പിക്കുകയായിരുന്നു മുർസിയുടെ ലക്ഷ്യം. 2011ലാണ് രാജ്യത്ത് ഹുസ്നി മുബാറക്കിെന അധികാരത്തിൽനിന്ന് പുറത്താക്കിയ അറബ് വസന്തത്തിന് ഇൗജിപ്ത് വേദിയൊരുങ്ങിയത്.
സൈനികമേധാവി, സൈനിക ഇൻറലിജൻറ്സ് വിഭാഗം തലവൻ എന്നീ നിലകളിലാണ് അതുവരെ സീസി അറിയപ്പെട്ടിരുന്നത്. 2013 ജൂലൈ മൂന്നിന് സീസി നടത്തിയ സൈനികഅട്ടിമറിയിൽ മുർസി അധികാരത്തിൽനിന്ന് പുറത്തായി. അതിനുശേഷം ജനങ്ങളുടെ രക്ഷകനെന്ന പദം സീസി സ്വയമെടുത്തണിയുകയായിരുന്നു. മറ്റ് പാർട്ടികളെ നിരോധിച്ചുകൊണ്ട് 2014ൽ നടത്തിയ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 97 ശതമാനം വോട്ടുകൾ നേടി വിജയിച്ചു. അതേവർഷം ജൂണിൽ സീസി പ്രസിഡൻറായി അധികാരമേറ്റു.
രാജ്യവ്യാപക അറസ്റ്റുകൾ
ഹുസ്നി മുബാറക്കിെൻറ ഭരണത്തിെൻറ മറ്റൊരുതലത്തിലുള്ള പ്രതിഫലനമായിരുന്നു രാജ്യത്ത് പിന്നീട് നടന്നത്. മനുഷ്യാവകാശങ്ങൾ അട്ടിമറിക്കുന്ന സംഭവങ്ങൾ ദിനംപ്രതി അരങ്ങേറി. കഴിഞ്ഞ നാലുവർഷത്തിനിടെ ഇൗജിപ്ത് ഭരണകൂടം 60,000 ആളുകളെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ വെളിപ്പെടുത്തുന്നു. സീസി അധികാരത്തിലേറിയതിനുശേഷം 19 ജയിലുകളാണ് പുതുതായി നിർമിച്ചത്. കൈറോയിലെ കുപ്രസിദ്ധ സ്കോപ്ഷൻ ജയിലിൽ മുഴുവൻ രാഷ്ട്രീയത്തടവുകാരാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽനിന്ന് അവരനുഭവിക്കുന്നത് ക്രൂരമായ പീഡനങ്ങളാണെന്നും ഹ്യൂമൻറൈറ്റ് വാച്ച് സാക്ഷ്യപ്പെടുത്തുന്നു. ബന്ധുക്കളെയും അഭിഭാഷകരെയും കാണാൻ ഇവർക്ക് അനുമതിയില്ല. ചികിത്സ നൽകാറുമില്ല. കോടതികളുടെ മേൽനോട്ടത്തിലല്ലാതെ നടക്കുന്ന െകാലപാതകങ്ങളുടെ നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 2016ൽ വലിയ വർധനവാണുണ്ടായതെന്നും ഇൗജിപ്ഷ്യൻ മനുഷ്യാവകാശ സംഘടനയായ അൽ നദീം സെൻറർ പറയുന്നു. 2015ൽ 326 കൊലപാതകങ്ങൾ നടന്നപ്പോൾ 2016 ആദ്യ പകുതിയിൽമാത്രം 754 തടവുകാർക്ക് ജീവൻ നഷ്ടമായി. സീസിയുടെ ഭരണകാലത്ത് (2015-2016) ജയിലുകളിൽ 1344 പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2014ൽ സൈനിക കോടതികളിൽ സിവിലിയന്മാരെ കുറ്റവിചാരണ ചെയ്യുന്നതിന് സായുധസേനക്ക് അനുമതി നൽകുന്നതുൾപ്പെടെ നീതിന്യായ വ്യവസ്ഥയെക്കാൾ സൈന്യത്തിെൻറ അധികാരം വിപുലീകരിച്ചതായി സീസി പ്രഖ്യാപിച്ചു. പലപ്പോഴും തെളിവുകളുടെ അഭാവത്തിലും ദേശീയസുരക്ഷ ഉദ്യോഗസ്ഥർ തയാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഇൗ വിചാരണകൾ നടന്നിരുന്നത്. ഇത്തരത്തിൽ 7400ലേറെ വിചാരണകളാണ് നടന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ വീടുകളിൽനിന്ന് ആളുകൾ അപ്രത്യക്ഷരാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രതിദിനം മൂന്നോ നാലോ ആളുകളെ കാണാതാവുന്നതായി ആംനസ്റ്റി ഇൻറർനാഷനൽ വെളിപ്പെടുത്തി. ഇതിനുപിന്നിലും ഭരണകൂടത്തിെൻറ കൈകളുണ്ടെന്ന് തിരിച്ചറിഞ്ഞ ഇരകളുടെ കുടുംബങ്ങൾ പിന്നീട് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഭയന്നു.
സംഘം ചേരുന്നത് നിരോധിച്ചു
2016ൽ ഇൗജിപ്ത് സുപ്രീംകോടതി 10 പേരടങ്ങുന്ന സംഘം പൊതുയിടങ്ങളിൽ കൂടിച്ചേരുന്നത് നിരോധിച്ചുകൊണ്ടുള്ള 2013ലെ നിയമം ശരിവെച്ചുെകാണ്ട് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവർ അഞ്ചുവർഷത്തെ തടവിന് ശിക്ഷിക്കപ്പെടും. ഭരണത്തെ എതിർക്കുന്ന മാധ്യമങ്ങളുടെ ജിഹ്വ പിടിച്ചുെകട്ടാനും പ്രത്യേകസമിതിയെ നിയോഗിച്ചു.
കോപ്റ്റിക് ചർച്ചുകൾക്കുനേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. അതോടെ പൊതുയിടങ്ങൾ കൂടുതൽ ചുരുങ്ങി. പൊതുസമൂഹം കൂടുതൽ, കൂടുതൽ അടിച്ചമർത്തപ്പെട്ടു. 2016ൽ രാജ്യത്തെ 47,000ത്തോളം സർക്കാറിതര സന്നദ്ധസംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ലക്ഷ്യം വെച്ചുള്ള ബില്ല് ഇൗജിപ്ത് പാർലമെൻറ് പാസാക്കി. ബില്ലിൽ 2017 മേയിൽ ഒപ്പുവെച്ചതോടെ അൽനദീം ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകൾക്ക് താഴുവീണു.
സാമ്പത്തിക നില തകർന്നു
സീസിയുടെ കാലത്ത് ഇൗജിപ്തിെൻറ സാമ്പത്തികനില പിന്നോട്ടാണ് കുതിച്ചത്. രാഷ്ട്രീയ അസമത്വവും അനിശ്ചിതാവസ്ഥയും രാജ്യത്തെ വിനോദസഞ്ചാര മേഖലയെ തളർത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ആ മേഖല കരകയറിയിരുന്നില്ലെന്ന് ഒാർക്കണം. സാമ്പത്തികപ്രശ്നങ്ങളിൽ നട്ടംതിരിഞ്ഞതോടെ പ്രതിവിധിയെന്നോണം അന്താരാഷ്ട്ര നാണ്യനിധി 1200 കോടി ഡോളറിെൻറ വായ്പ അനുവദിച്ചു. 28 ശതമാനം ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയാണ്. 2016ൽ 13 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2017 മേയിൽ പണപ്പെരുപ്പം 30 ശതമാനമായി കുതിച്ചുയർന്നു. 30 വർഷത്തെ അപേക്ഷിച്ച് ഏറ്റവുംകൂടിയ നിരക്കാണിത്.
2016ൽ രണ്ട് സുപ്രധാന ചെങ്കടൽ ദ്വീപുകൾ സൗദിക്ക് ൈകമാറാൻ കരാറിലെത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. കീഴ്േകാടതി റദ്ദാക്കിയ കരാർ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. പ്രതിഷേധിച്ചവരെ രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചു. 71 പേരാണ് ശിക്ഷിക്കപ്പെട്ടത്. 2017 ജൂണിലും നിരവധി അറസ്റ്റുകൾ നടന്നു.
2018ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കി ഒതുക്കി നിർത്തുന്നതിലും സീസി ഭരണകൂടം വിജയിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും സീസി വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.