ബഗ്ദാദ്: ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ 30നാണ് സദ്ദാമിനെ യു.എസ് പിന്തുണയുള്ള ഇറാഖ് കോടതി തൂക്കിലേറ്റിയത്. 2003ലാണ് യു.എസ് അധിനിവേശ സൈന്യം സദ്ദാമിനെ തിക്രീതിന് സമീപം അദ്ദൗര്‍ നഗരത്തില്‍നിന്ന് പിടികൂടിയത്. മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവില്‍, 1980കളില്‍, ദുജൈല്‍ നഗരത്തില്‍ 148 ശിയാക്കളെ കൂട്ടക്കൊല ചെയ്ത കേസില്‍ സദ്ദാമിനെ കുറ്റക്കാരനാക്കി വധശിക്ഷ വിധിച്ചു. രണ്ടു മാസത്തിനകം വധശിക്ഷ നടപ്പാക്കി.

സദ്ദാം കൂട്ടനശീകരണായുധങ്ങള്‍ സംഭരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍െറ നേതൃത്വത്തില്‍ ഇറാഖ് ആക്രമണത്തിന് ഐക്യരാഷ്ട്രസഭയില്‍ യു.എസ് അനുമതി നേടിയെടുത്തത്. എന്നാല്‍, ആ വാദം തെറ്റായിരുന്നെന്ന് ആഴ്ചകള്‍ക്കുമുമ്പ് സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ നിക്സണ്‍ വെളിപ്പെടുത്തുകയുണ്ടായി. യു.എസ് പിടിയിലായശേഷം നിക്സണാണ് സദ്ദാമിനെ ചോദ്യംചെയ്തിരുന്നത്. ലോകം മനസ്സിലാക്കിയതില്‍നിന്ന് തീര്‍ത്തും വിഭിന്നനായിരുന്നു സദ്ദാമെന്ന് നിക്സണ്‍ ‘ഡിബ്രീഫിങ് ദ പ്രസിഡന്‍റ്: ദ ഇന്‍െറാറൊഗേഷന്‍ ഓഫ് സദ്ദാം ഹുസൈന്‍’ എന്ന പുസ്തകത്തില്‍ പറയുന്നു. യു.എസും ബ്രിട്ടനും പ്രചരിപ്പിച്ചതുപോലെ സദ്ദാം കൂട്ടനശീകരണായുധങ്ങള്‍ സംഭരിക്കുകയോ ഭീകരസംഘടനകളെ വളര്‍ത്തുകയോ ചെയ്തിരുന്നില്ളെന്നും നിക്സണ്‍ പറയുന്നു.

പ്രസിഡന്‍റ് പദവി പതുക്കെ സഹായികള്‍ക്ക് കൈമാറുന്ന പ്രക്രിയ സദ്ദാം ആരംഭിച്ചിരുന്നു. ഒപ്പം, ഒരു നോവലിന്‍െറ രചനയും അദ്ദേഹം തുടങ്ങിയിരുന്നു. ‘ബഗ്ദാദിലെ കശാപ്പുകാരന്‍’ എന്ന് യു.എസ് വിശേഷിപ്പിച്ച ഭരണാധികാരിയെ നേരില്‍ കണ്ടപ്പോള്‍ മറ്റൊരു ചിത്രമാണ് ലഭിച്ചതെന്ന് നിക്സണ്‍ പറയുന്നു. ഒരു വൃദ്ധ മുത്തച്ഛനെയാണ് താന്‍ കണ്ടതെന്ന് നിക്സണ്‍ പറയുന്നു.

സദ്ദാമിനെക്കുറിച്ച് സി.ഐ.എ വിശ്വസിച്ചിരുന്ന കഥകള്‍ പലതും നുണയായിരുന്നു. സദ്ദാമിന് ഏറെ അപരന്മാരുണ്ടെന്ന കഥ അക്കൂട്ടത്തിലൊന്നാണ്. ഹലബ്ജയില്‍ കുര്‍ദ് വംശജരെ ഉന്മൂലനം ചെയ്യാന്‍ രാസായുധം പ്രയോഗിച്ചത് സദ്ദാം ഹുസൈന്‍ ഉത്തരവ് നല്‍കിയത് പ്രകാരമാണെന്ന ആരോപണവും തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇറാനുമായി ചങ്ങാത്തത്തിലായിരുന്ന കുര്‍ദുകള്‍ക്കെതിരെയുണ്ടാവുന്ന അതിക്രമം തന്‍െറ രാജ്യത്തിന് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് മറ്റാരെക്കാളും സദ്ദാമിന് അറിയാമായിരുന്നു. എന്നാല്‍, കുര്‍ദുകള്‍ക്കെതിരെ സദ്ദാം രാസായുധം പ്രയോഗിച്ചുവെന്ന കഥ സദ്ദാമിന്‍െറ മരണത്തിനുശേഷവും പ്രചരിച്ചു.

യു.എസ് പ്രചാരണങ്ങളില്‍ വിശ്വസിച്ച്, സദ്ദാമിന്‍െറ രക്തത്തിനായി മുറവിളികൂട്ടിയ യു.എസ് മാധ്യമങ്ങളില്‍ പലതും ഇന്ന് പുനരാലോചനയിലാണ്. സദ്ദാമിനെ പിടികൂടാനായി നടത്തിയ ഇറാഖ് അധിനിവേശമാണ് ഇന്ന് പശ്ചിമേഷ്യയിലെ കുഴപ്പങ്ങളുടെ പ്രധാന കാരണമെന്ന് പലരും വിശ്വസിക്കുന്നു. അറബ് സോഷ്യലിസത്തിന്‍െറ പ്രയോക്താവായിരുന്ന സദ്ദാം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഭീകരതക്കെതിരായ യുദ്ധത്തില്‍ യു.എസിന്‍െറ വിശ്വസ്ത സുഹൃത്താവുമായിരുന്നു അദ്ദേഹമെന്ന് അവര്‍ കരുതുന്നു. അല്‍ഖാഇദയുടെ കൂട്ടാളിയെന്ന യു.എസ് ആരോപണത്തില്‍ സദ്ദാം അദ്ഭുതംകൂറിയിരുന്നു. ഭീകരതക്കെതിരായ യുദ്ധത്തില്‍ യു.എസിന്‍െറ സ്വാഭാവിക സുഹൃത്തായിരിക്കും താനെന്ന് അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ സദ്ദാം പറഞ്ഞ കാര്യം നിക്സണും പങ്കുവെക്കുന്നു. ഭീകരതയെ ചെറുക്കാന്‍ യു.എസ് തുടങ്ങിയ നടപടി പരാജയമായിരിക്കുമെന്ന് പ്രവചിച്ച് സദ്ദാം പങ്കുവെച്ച വാക്കുകള്‍ അമേരിക്ക ഇപ്പോള്‍ ശരിവെക്കുന്നുണ്ടാകണം: ‘‘നിങ്ങള്‍ പരാജയപ്പെടാന്‍ പോവുകയാണ്. ഇറാഖ് ഭരിക്കുക എളുപ്പമല്ളെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. കാരണം, (ഇറാഖിന്‍െറ) ഭാഷയും ചരിത്രവും നിങ്ങള്‍ക്കറിയില്ല. അറബ് മനസ്സ് നിങ്ങള്‍ക്കറിയില്ല.’’

Tags:    
News Summary - saddam hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.