മ്യാന്മർ: റോഹിങ്ക്യൻ പ്രശ്നത്തിൽ മ്യാന്മറിലെ കർക്കശമായ രഹസ്യനിയമം ലംഘിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് റോയിട്ടർ ലേഖകർ വിചാരണ നേരിടണമെന്ന് കോടതി. 14 വർഷം തടവിന് ശിക്ഷിക്കാവുന്ന വകുപ്പാണ് ഇവർക്കുമേൽ ചുമത്തിയത്. മ്യാന്മർ സ്വദേശികളായ വാ ലോൺ (32), ക്യാവ് സോ ഉൗ (28) എന്നിവർ രാജ്യ രഹസ്യ നിയമം ലംഘിച്ചതായി ന്യായാധിപൻ യി എൽ വിൻ പറഞ്ഞു. രണ്ടു ലേഖകരും കഴിഞ്ഞ ഏഴു മാസമായി വിചാരണക്ക് മുമ്പുള്ള വാദം കേൾക്കലിനായി കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ സർക്കാർ നടപടിക്കെതിരെ തൂലിക ചലിപ്പിച്ചതാണ് ഇവർ ചെയ്ത കുറ്റം. രഹസ്യ രേഖകൾ ചോർത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. റോഹിങ്ക്യൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം തങ്ങളുടെ ജോലിയുടെ ഭാഗമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ് ലേഖകർ ചെയ്തതെന്ന് ‘റോയിട്ടർ’ വ്യക്തമാക്കി. നിരപരാധികളായ ലേഖകരെ വിട്ടയക്കണമെന്നും റോയിട്ടർ ആവശ്യപ്പെട്ടു. ലേഖകർക്കെതിരായ നടപടിയിൽ ലോകവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ അഭിപ്രായപ്പെട്ടു. രഹസ്യനിയമം ലേഖകർ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പൊലീസ് തങ്ങളെ കെണിയിൽപ്പെടുത്തുകയായിരുന്നുവെന്ന് ലേഖകർ വ്യക്തമാക്കി.
ഇൻ ദിൻ ഗ്രാമത്തിൽ 10 റോഹിങ്ക്യൻ മുസ്ലിംകളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയ സൈന്യത്തിെൻറ നടപടിയായിരുന്നു ലേഖകർ പുറത്തുവിട്ടത്. സംഭവം മ്യാന്മർ അധികൃതർ സ്ഥിരീകരിക്കുകയും ഉത്തരവാദികളായ സൈനികരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്കയും െഎക്യരാഷ്ട്രസഭയും പറയുന്നതുപോലെ ഇത് മുസ്ലിം വേട്ടയായിരുന്നില്ലെന്നാണ് മ്യാന്മർ സർക്കാറിെൻറ നിലപാട്.
സംഭവം റിപ്പോർട്ട് ചെയ്തതിലൂടെ പത്രപ്രവർത്തകനെന്ന നിലയിൽ ധാർമികത ഉയർത്തിപ്പിടിക്കുകയാണ് താൻ ചെയ്തതെന്ന് വിചാരണ നേരിടുന്ന ക്യാവ് സോഉൗ പറഞ്ഞു. റോയിട്ടറിനുവേണ്ടി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അമൽ ക്ലൂനിയും നിയമ പോരാട്ടത്തിൽ പങ്കാളിയായി. എന്നാൽ, അടിസ്ഥാനമില്ലാത്ത കോടതി നടപടികളിൽ തങ്ങൾ നിരാശരാണെന്ന് റോയിട്ടർ എഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ ജെ. അഡ്ലർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.