പാക് സൈനിക നടപടി; 100 ഭീകരരെ വധിച്ചു

ഇസ്ലാമാബാദ്: ഒരാഴ്ചക്കിടെ പാകിസ്താനിലെ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആറ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍. രാജ്യത്തിന്‍െറ എല്ലാ ഭാഗത്തും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്ന ആക്രമണങ്ങളില്‍ രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. അതിനിടെ ഭീകരകേന്ദ്രങ്ങളില്‍ പാക് സേന ആക്രമണം ശക്തമാക്കി. ആക്രമണത്തില്‍ 100പേരെ വധിച്ചതായി പാക് സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞദിവസം സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1356ല്‍ നിര്‍മിച്ച ഈ തീര്‍ഥാടന കേന്ദ്രത്തിലാണ് കവിയും സൂഫിയുമായ മുഹമ്മദ് ഉസ്മാന്‍ മര്‍വന്ദി എന്ന ലാല്‍ ശഹബാസ് ഖലന്ദറിന്‍െറ ഖബറിടമുള്ളത്. ഇവിടെ വര്‍ഷത്തില്‍ നടക്കുന്ന ഉറൂസിനിടയിലാണ് ആക്രമണം നടന്നത്. 2014ന് ശേഷം  രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണിത്. ഐ.എസ് ഉത്തരവാദിത്തമേറ്റെടുത്ത സംഭവം സര്‍ക്കാറിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഴുവന്‍ സൈനിക ശക്തിയുമുപയോഗിച്ച് തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ആഹ്വാനം ചെയ്തു.  

പാക്- അഫ്ഗാന്‍ അതിര്‍ത്തി അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ കഴിയുന്ന 76 ഭീകരരെ ഉടന്‍ പാകിസ്താന് കൈമാറാന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്‍ എംബസി അധികൃതരെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സിന്ധില്‍ നടന്ന ഏറ്റുമുട്ടലിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്. ഖൈബര്‍-പക്തൂന്‍ഖ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ 11 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കെതിരായ ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കാനും വിവിധ സേനാവിഭാഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചക്ക് ശേഷമുണ്ടാകുന്ന അവസാനത്തെ ആക്രമണമാണ് വ്യാഴാഴ്ചയുണ്ടായത്. തിങ്കളാഴ്ച ലാഹോറിലെ കിഴക്കന്‍ പട്ടണത്തില്‍ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മൊഹമന്ത് പ്രവിശ്യയിലും പെഷാവറിലുമുണ്ടായ ഇരട്ട ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അതിനിടെ ക്വറ്റയില്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിര്‍വീര്യമാക്കുന്നതിനിടെ ബോംബ് പൊട്ടി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വ്യാഴാഴ്ച അവരാന്‍ പ്രദേശത്ത് സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേരും മരിച്ചു. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പാക് സര്‍ക്കാര്‍ സംശയിക്കുന്നത്.

വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരുപതിലേറെ കുട്ടികളാണ്. അതിനിടെ സെഹ്വാന്‍  പ്രദേശത്ത് ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങളില്ലാത്തത് പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തടസ്സമായി. ഈദി ഫൗണ്ടേഷന്‍െറ മെഡിക്കല്‍ സംഘം സ്ഥലത്തത്തെിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതര പരിക്കുള്ളവരെ കറാച്ചിയിലേക്കും സിന്ധിലെ മറ്റ് സ്ഥലങ്ങളിലേക്കും മാറ്റിയിരിക്കയാണ്.

ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാവാത്ത സര്‍ക്കാറിനെതിരെ പ്രവിശ്യയിലെ പലയിടത്തും ജനം തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങളും മറ്റും തീയിട്ടത് സംഘര്‍ഷാവസ്ഥക്ക് കാരണമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം ജനരോഷം ഉയരുന്നുണ്ട്. അതിനിടെ, സൂഫി കേന്ദ്രത്തിലെ ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭ അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാക് സര്‍ക്കാറിന് എല്ലാ സഹായവും നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags:    
News Summary - pak sufi shrine attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.