ഇസ്ലാമാബാദ്: പാക് തെരഞ്ഞെടുപ്പിൽ ചരിത്രക്കുതിപ്പുമായി അധികാരത്തിനടുത്തെത്തിയ മുൻ ക്രിക്കറ്റർ ഇംറാൻ ഖാനെ പുറത്തിരുത്താൻ പ്രതിപക്ഷം ഒന്നിക്കുന്നു. 272 അംഗസഭയിൽ 116 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി(പി.ടി.െഎ)ക്കും ഇംറാനുമെതിരെയാണ് പടനീക്കം. ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഇംറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ ചെറുകിട കക്ഷികൾ പിന്തുണ വാഗ്ദാനം ചെയ്തതായാണ് സൂചന.
എന്നാൽ, ഏതു നിലക്കും ഇംറാനെ പുറത്തിരുത്തുകയെന്ന ലക്ഷ്യത്തോടെ മുൻനിര കക്ഷികളായ പാകിസ്താൻ മുസ്ലിം ലീഗും (നവാസ്) പാകിസ്താൻ പീപ്ൾസ് പാർട്ടിയുമാണ് ഒന്നിക്കുന്നത്. ‘സർവകക്ഷി സഖ്യം’ എന്നു പേരിട്ട് പി.ടി.െഎ അല്ലാത്ത എല്ലാ കക്ഷികളെയും ഒരേ പാളയത്തിൽ അണിനിരത്താനാണ് ശ്രമം. കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പി.എം.എൽ.എൻ 64ഉം പി.പി.പി 43ഉം സീറ്റുകൾ നേടിയിരുന്നു.
ചെറുകിട കക്ഷികളെ കൂടി ഉൾപെടുത്തി ഇംറാനെതിരെ പ്രധാനമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാനാണ് നീക്കം. കൃത്രിമം നിറഞ്ഞ തെരഞ്ഞെടുപ്പിനെതിരെ തുല്യ പങ്കാളിത്തത്തോടെയുള്ള കൂട്ടായ്മയായിരിക്കും രൂപമെടുക്കുകയെന്ന് പ്രതിനിധികൾ പറഞ്ഞു. കൃത്രിമം ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം തള്ളുന്നതായി നേരത്തെ ഇതേ കക്ഷികൾ പ്രഖ്യാപിച്ചിരുന്നു.
പുതിയ സഖ്യനീക്കം ഇംറാെൻറ അധികാരാരോഹണത്തെ ബാധിക്കില്ലെന്നാണ് സൂചന. ആദ്യമായാണ് രാജ്യത്ത് പി.ടി.െഎ അധികാരത്തിലേറുന്നത്. ജനാധിപത്യഭരണം നിലനിന്നിടത്തോളം പി.എം.എൽ-എന്നും പി.പി.പിയുമാണ് അധികാരം പങ്കിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.