യാങ്ഗോൺ: റോഹിങ്ക്യകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. അസ്വസ്ഥത നിലനിൽക്കുന്ന രഖൈൻ സ്റ്റേറ്റിൽ വർഗീയ കലാപത്തിന് പ്രേരണ നൽകുന്നാതാണ് വിഡിയോ എന്നാരോപിച്ചാണ് നടപടി എന്നാണ് സൂചന. എന്നാൽ കിരീടം തരിച്ചെടുത്തതിന് കാരണം വിഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടാണെന്ന ആരോപണം മിസ് ഗ്രാൻഡ് മ്യാൻമർ ഷ്വി ഐൻ സി നിഷേധിച്ചു.
'തങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യൻ തീവ്രവാദികൾ' എന്ന കുറിപ്പോടെയാണ് മിസ് മ്യാൻമർ ഫേസ്ബുക്കിൽ കഴിഞ്ഞയാഴ്ച വിഡിയോ പോസ്റ്റ് ചെയ്തത്. ചോരയിൽകുളിച്ചു കിടക്കുന്ന മനുഷ്യരും നഗ്നരായ കുട്ടികളും അടങ്ങുന്നതായിരുന്നു ഗ്രാഫിക് ഇമേജിനൊപ്പം മിസ് മ്യാൻമർ പോസ്റ്റ് ചെയ്ത വിഡിയോ. അരാക്കൻ രോഹിങ്ക്യൻ സാൽവേഷൻ ആർമി എന്ന ഗ്രൂപ് പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്നുള്ള ചില ദൃശ്യങ്ങളും ഉൾപ്പെടുന്നതായിരുന്നു ഇത്.
റോഹിങ്കൻ മുസ്ലിങ്ങളുടെ പാലായനത്തെക്കുറിച്ച് പരാമർശിക്കുക പോലും ചെയ്യാത്ത ആ വിഡിയോയെക്കുറിച്ച് സൗന്ദര്യ മത്സരം നടത്തുന്ന കമ്പനിക്കും തുടക്കത്തിൽ പരാതിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ മിസ് മ്യാൻമർ കരാർ നിയമങ്ങൾ ലംഘിച്ചതിനാൽ കിരീടം തിരിച്ചെടുക്കുകയാണെന്നറിയിച്ച് കമ്പനി തന്നെ പിന്നീട് രംഗത്തെത്തുകയായിരുന്നു. വിവാദമായ വിഡിയോയെക്കുറിച്ച് കമ്പനി ഒന്നും പറയുന്നുമില്ല.
രഖൈൻ സ്റ്റേറ്റിൽ തീവ്രവാദികൾ നടത്തുന്ന ഭീകരത വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന മിസ് മ്യാൻമർ കുറേക്കൂടി മെച്ചപ്പെട്ട ഒരു ഇമേജ് കാത്തുസൂക്ഷിക്കണമായിരുന്നു എന്നാണ് കമ്പനിയുടെ അഭിപ്രായമെന്ന് മിസ് മ്യാൻമർ പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.