അമേരിക്കയും ഐസിസും അവരെ തകർത്തു; കോവിഡിനു മുന്നിൽ നിസ്സഹായരായി ഇറാഖ്

ബാഗ്​ദാദ്​: മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യമായിരുന്നു 1990ക​ളിലെ ഇറാഖ്​. സൗജന്യ ചികിത്സ, വിദഗ്​ധ ഡോക്​ടർമാർ, നിലവാരമുള്ള ആതുരാലയങ്ങൾ തുടങ്ങിയവ സദ്ദാം ഹുസൈൻ പൗരന്മാർക്കായി ഒരുക്കിയിരുന്നു. എന്നാൽ, ജോർജ് ഡബ്ല്യു ബുഷിൻ്റെ നേതൃത്വത്തിലുളള അമേരിക്കൻ അധിനിവേശത്തോടെ രണ്ടു പതിറ്റാണ്ടിനിപ്പുറം കാര്യങ്ങൾ മാറിമറിഞ്ഞു. രോഗികളെ ചികിത്സിക്കാൻ ആശുപത്രി പോലുമില്ലാ​െത ദയനീയമാണ്​ കോവിഡ്​ കാലത്ത്​ ഈ രാജ്യത്തി​​െൻറ അവസ്​ഥ. 

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ്​ മൊസൂൾ. ഈ നഗരത്തിലെ 13 ആശുപത്രികളിൽ ഒമ്പതും യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടു. മിക്കയിടത്തും വെള്ളമോ അടിസ്ഥാന സേവനങ്ങളോ ലഭ്യമല്ല. മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് പറയുന്നതനുസരിച്ച് 18 ലക്ഷം ആളുകൾക്ക് 1,000 കിടക്കകൾ പോലും ലഭ്യമല്ല. 70 ശതമാനം മെഡിക്കൽ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. സദർ സിറ്റിയിൽ 35 ലക്ഷം പേർക്ക് വെറും നാല് ആശുപത്രികളാണുള്ളത്​. കൂടാതെ മെഡിക്കൽ സ്റ്റാഫുകളുടെ വൻ കുറവും ചികിത്സ അപ്രാപ്യമാക്കുന്നു. 

2003 മാർച്ച്​ 20ന്​ തുടങ്ങിയ അമേരിക്കൻ അധിനിവേശം ഇറാഖിനെ മുച്ചൂടും നശിപ്പിച്ച കൂട്ടത്തിൽ  ആരോഗ്യമേഖലയും തകർത്ത്​​ തരിപ്പണമാക്കിയിരുന്നു. പിന്നാലെ എത്തിയ ആഭ്യന്തര സംഘർഷവും ഐസിസ്​ ആക്രമണവും ശേഷിക്കുന്ന ആരോഗ്യ സംവിധാനത്തെ നാമാവശേഷമാക്കി. ഇപ്പോൾ, കോവിഡിനുമുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ്​ രാജ്യം. സദ്ദാമിനെ അമേരിക്ക ഇല്ലായ്​മ ചെയ്​ത ശേഷം സ്​ഥിരതയില്ലാത്ത പാവ ഭരണകൂടങ്ങളാണ്​ രാജ്യം ഭരിച്ചത്​. 2019 നവംബറിൽ പ്രധാന മന്ത്രി ആദിൽ അബ്​ദുൽ ​മഹ്​ദി ജനകീയ പ്രക്ഷോഭത്തെ തുടർന്ന്​ രാജി വെച്ചിരുന്നു. അതിനുശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ഒന്നിനുപുറകെ ഒന്നായി പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടു. നീണ്ട അനിശ്​ചിതാവസ്​ഥക്ക്​ ഒടുവിൽ കഴിഞ്ഞ ദിവസമാണ്​ പുതിയ പ്രധാനമന്ത്രിയായി മുസ്തഫ അൽ കദമിയെ തെരഞ്ഞെടുത്തത്​. 

കോവിഡിനെ നേരിടാനുള്ള ഫണ്ട്​ പോലും പാർലമ​െൻറ്​  പാസാക്കിയിട്ടില്ല. മഹാമാരി റിപ്പോർട്ട്​ ചെയ്​ത ഉടൻ അടിയന്തരാവശ്യത്തിന്​ 5 ബില്യൺ ഡോളറും പരിശോധന കിറ്റും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ 150 ബില്യൺ ഡോളറും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പുതിയ ബജറ്റ് ഇതുവരെ പാർലമ​െൻറ്​ പാസാക്കാത്തതിനാൽ ഈ ആവശ്യത്തോട്​ അനുകൂലമായി  പ്രതികരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആരോഗ്യമേഖലയ്ക്ക് ദേശീയ ബജറ്റി​​െൻറ 2.5 ശതമാനം മാത്രമാണ്​ നീക്കിയിരിപ്പ്​. 

യുനിസെഫ് റിപ്പോർട്ട് അനുസരിച്ച്, 1990 ൽ 97 ശതമാനം നഗരവാസികൾക്കും 71ശതമാനം ഗ്രാമീണർക്കും ഇറാഖിൽ വൈദ്യസഹായം ലഭിച്ചിരുന്നു. വ്യവസ്​ഥാപിതമായ ആരോഗ്യസംവിധാനമായിരുന്നു സദ്ദാം ഭരണത്തിനുകീഴിൽ നിലനിന്നിരുന്നത്​. എന്നാൽ, ഇറാഖി​​െൻറ കൈയിൽ നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും വാദിച്ച്​ ബ്രിട്ട​നുമായി കൂട്ടുചേർന്ന്​ അമേരിക്ക ഇറാഖിനെ ആക്രമിച്ചതോടെ സ്​ഥിതി മാറി. യു.എൻ കണക്കനുസരിച്ച് യുദ്ധാനന്തരം 20,000 ത്തോളം ഇറാഖി ഡോക്ടർമാരാണ്​ രാജ്യംവിട്ടത്​.

കോവിഡിന്​ മുൻപേ തന്നെ ഗുരുതരാവസ്​ഥയിലാണ്​ ഇറാഖ്​. തുടർച്ചയായ യുദ്ധങ്ങളും സംഘർഷങ്ങളും സാമ്പത്തിക, ആരോഗ്യ മേഖലകളെ ഉയർത്തെഴുന്നേൽപ്പ്​ സാധ്യമല്ലാത്തവിധം തകർത്തിരുന്നു. അധിനിവേശം തുടങ്ങിയ ശേഷം ഏറ്റവും മോശം സ്​ഥിതിവിശേഷത്തിലൂടെയാണ്​ രാജ്യം സഞ്ചരിക്കുന്നത്​. ഇതിനിടയിലാണ് കൊറോണയുടെ രംഗപ്രവേശം.

വൈറസി​​െൻറ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കണക്കാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതുകൂടിയാകു​േമ്പാൾ ഇതിനകം തന്നെ തളർന്ന നാടി​​െൻറ സ്​ഥിതി കൂടുതൽ വഷളാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കയറ്റുമതി രാജ്യമാണിത്​. ബജറ്റി​​െൻറ 85ശതമാനം വരുമാനവും പെട്രോകെമിക്കൽ വ്യവസായത്തിൽ നിന്നാണ് വരുന്നത്. എന്നാൽ, കോവിഡും ലോക്​ഡൗണും കാരണം​ എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ആ പ്രതീക്ഷയും ഇല്ലാതായി. 

യുദ്ധവും സംഘർഷവും കാരണം വീടുകൾ നഷ്​ട​െപ്പട്ട 14 ലക്ഷം ആളുകളാണ്​ ഇവിടെയുള്ളത്​. ഇവരിൽ 2,00,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ഇതിനെല്ലാം പുറമേ, സർക്കാർ ജീവനക്കാരുടെ വേതനം കുറയ്ക്കാനും തീരുമാന​െമടുത്തിട്ടുണ്ട്​. ലോക്​ഡൗണിൽ കഴിയുന്നവർക്ക്​ ഇതും ഇരുട്ടടിയാകും. 

മാർച്ച് 16 ന്​ ലോക്​ഡൗൺ തുടങ്ങിയ ഇറാഖിൽ 2,767 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ 109 പേർ മരണപ്പെട്ടു. പരിമിതമായ സാമ്പിൾ പരിശോധന നടത്തുന്നതിനാലാണ്​ രോഗികളുടെ എണ്ണം ഇത്ര കുറച്ച്​ രേഖപ്പെടുത്താൻ കാരണ​െമന്നാണ്​ വിധഗ്​ദർ പറയുന്നത്​. എങ്കിലും രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഈ ദുരന്തം തന്നെ താങ്ങാനാകുന്നതല്ല എന്നതാണ്​ സത്യം. 

“പുറത്തുപോയാൽ നിങ്ങൾക്ക് വൈറസ് പിടിപെടാൻ സാധ്യതയുണ്ട്​. ഒരുപക്ഷേ അതിജീവിക്കാൻ  കഴിഞ്ഞേക്കാം; അതല്ല, വീട്ടിലിരിക്കുകയാണെങ്കിൽ വിശപ്പ്​ തിന്നും പോഷകാഹാരക്കുറവ് മൂലവും മരിക്കാം” -ഇറാഖി ജനതക്ക്​ മുന്നിലുള്ള രണ്ട് ചോയ്‌സുകൾ ഇതുമാത്രമാണെന്നാണ്​ ഒരു ഇറാഖി ഡോക്ടർ ലെബനൻ ദിനപത്രത്തോട് പറഞ്ഞത്​. ഇറാഖിലെ ജനങ്ങൾ നേരിടുന്ന തിക്​ത യാഥാർഥ്യമാണിത്​.

(കടപ്പാട്: ഹജർ ആലം. jacobinmag.com)

Tags:    
News Summary - In Iraq, a Destroyed State Struggles to Cope With Coronavirus-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.