ഹോങ്കോങ്: പൊലീസ് അടിച്ചമർത്തലിനിടയിലും പിൻവാങ്ങാൻ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകർ. റോഡുകളും റെയിൽവേസ്റ്റേഷനും വിമാനത്താവളവും കൈയേറിയാണ് ഇപ്പോൾ പ്രതിഷേധം. ഒരു വിഭാഗം ജനാധിപത്യ പ്രക്ഷോഭകർ റെയിൽവേ ട്രാക്കിൽ തടിച്ചുകൂടിയതിനാൽ ഹോങ്കോങ്ങിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവിസുകൾ അധികൃതർ റദ്ദാക്കി.
ജനക്കൂട്ടം വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഹോങ്കോങ്ങിെൻറ അവകാശം ചൈനക്കു കൈമാറുന്നതിനു മുമ്പ് ജനിച്ചവർക്ക് ബ്രിട്ടൻ പൗരത്വം നൽകണമെന്നും ബ്രിട്ടീഷ് കോൺസുലേറ്റിനു സമീപം നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 200ലേറെ പേരാണ് ബ്രിട്ടീഷ് കോൺസുലേറ്റിനു മുന്നിൽ തമ്പടിച്ചത്. 1997നു മുമ്പ് ബ്രിട്ടെൻറ കോളനിയായിരുന്നു ഹോങ്കോങ്.
മൂന്നുമാസമായി ഇവിടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ തുടങ്ങിയ സമരത്തിലൂടെയായിരുന്നു തുടക്കം. പ്രക്ഷോഭത്തെ തുടർന്ന് ബിൽ കാരീ ലാം ഭാഗികമായി മരവിപ്പിച്ചിരുന്നു. എന്നാൽ, പൂർണമായി റദ്ദാക്കണമെന്നാണ് ആവശ്യം.
ഹോങ്കോങ്ങിന് കൂടുതൽ അധികാരം നൽകണമെന്നും ചീഫ് എക്സിക്യൂട്ടിവ് കാരീ ലാം രാജിവെച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇപ്പോൾ സമരക്കാരുടെ ആവശ്യം.
സർക്കാർ ആസ്ഥാനങ്ങൾക്കു നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞതോടെ ശനിയാഴ്ചത്തെ പ്രക്ഷോഭം അക്രമാസക്തമായി. തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. ഇതു തടുക്കാനുള്ള ചില്ലിെൻറ മുഖാവരണവും അണിഞ്ഞാണ് ഭൂരിഭാഗം പേരും സമരത്തിൽ പങ്കെടുത്തത്.
ഞായറാഴ്ച ആളുകൾ ചെക് ലാപ് കോക് ദ്വീപിലെ വിമാനത്താവളത്തിൽ തടിച്ചുകൂടി. വിമാനത്താവളം കൈയേറാനുള്ള ശ്രമം പൊലീസ് ചെറുക്കുന്നുണ്ട്. ഇതോടൊപ്പം വ്യാപക അറസ്റ്റും നടക്കുന്നുണ്ട്. ബസ് ടെർമിനലിൽ ബാരിക്കേഡുകൾ നിർമിച്ച് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇവരെ ലാത്തിയുപയോഗിച്ചാണ് പൊലീസ് നേരിട്ടത്.
വിമാനത്താവളത്തിെൻറ പ്രവർത്തനം തടസ്സപ്പെടുത്താനും ശ്രമം നടന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.