നിരാശരാകാതെ ഉറച്ചുനില്‍ക്കുക; അണികളോട് ഹിലരി

വാഷിങ്ടണ്‍: അഭൂതപൂര്‍വമായ വീറും വാശിയും നിറഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ഫലപ്രഖ്യാപനശേഷം ഇതാദ്യമായി പൊതുവേദിയില്‍. ശിശുക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഡിഫന്‍സ് ഫണ്ടിന്‍െറ വാഷിങ്ടണില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിലരി ജനങ്ങളെ അഭിമുഖീകരിച്ചത്. തന്‍െറ പരാജയം അണികളില്‍ സൃഷ്ടിച്ച അഗാധമായ നൈരാശ്യം താന്‍ മനസ്സിലാക്കുന്നുവെന്നും എന്നാല്‍, നിരാശക്കടിപ്പെടാതെ രാഷ്ട്രീയഗോദയില്‍ സ്ഥൈര്യത്തോടെ നിലയുറപ്പിക്കണമെന്നും അവര്‍ വ്യക്തമാക്കി.

‘തെരഞ്ഞെടുപ്പിലെ തോല്‍വി തനിക്കും അത്യധികം നിരാശയുണ്ടാക്കി. കഴിഞ്ഞ ഒരാഴ്ച ആത്മസംഘര്‍ഷങ്ങളുടേതായിരുന്നു. ഏതെങ്കിലും നല്ല പുസ്തകവുമായി വീടിനകത്തുതന്നെ കഴിയാനായിരുന്നു ഞാന്‍ കൊതിച്ചത്.’ -അവര്‍ തുടര്‍ന്നു. ഏറെ പ്രയാസത്തോടെയാണ് ഈ പരിപാടിയില്‍ സന്നിഹിതയാകുന്നത്. എല്ലാം എന്‍െറ അമ്മയുടെ സന്നിധിയിലത്തെി പറയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ദശകങ്ങള്‍ക്ക് മുമ്പ് അനാഥജീവിതം നയിക്കാന്‍ നിര്‍ബന്ധിതമായ അമ്മ ഡൊറോന്തി ഏറെ പാടുപെട്ട് എന്നെ വളര്‍ത്തി ഉന്നതനിലയിലത്തെിച്ച അനുഭവവും ഹിലരി അനുസ്മരിച്ചു.

താന്‍ സെനറ്ററും വിദേശകാര്യ സെക്രട്ടറിയുമൊക്കെയായി വളര്‍ന്നതിന് പിന്നിലെ യഥാര്‍ഥ ശക്തി അമ്മയായിരുന്നു. ഈ നേട്ടങ്ങള്‍ അമ്മയുടെ ആശങ്കകള്‍ വൃഥാവിലായില്ളെന്ന സന്ദേശമാണ് നല്‍കുന്നത്. കാലത്തിലൂടെ പിറകോട്ട് സഞ്ചരിച്ച് അമ്മയോട് പറയാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നുപോലും താന്‍ ആഗ്രഹിച്ചുപോയതായി വികാരാധീനയായി ഹിലരി വെളിപ്പെടുത്തി. ആറ് കോടിയിലേറെ വോട്ടുകള്‍ ലഭിച്ചത് അഭിമാനകരമാണ്. അതേസമയം അമേരിക്ക വിഭജിക്കപ്പെട്ടിരിക്കുന്നു.

ഈ ഘട്ടത്തില്‍ നിരാശക്ക് സ്ഥാനമില്ല. ഈ രാജ്യത്തില്‍ വിശ്വാസമര്‍പ്പിക്കുക. മൂല്യങ്ങള്‍ക്കുവേണ്ടി പൊരുതുക. ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്. ഓരോരുത്തരും അത്തരം യത്നങ്ങളില്‍ വ്യാപൃതരാകുക. കുട്ടികള്‍ക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക് വേണ്ടിയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ഓരോ മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം മുഴുകിക്കൊണ്ടേയിരിക്കണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. അമേരിക്കക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളുടെ കഴിവുകളും ഊര്‍ജവും വൈദഗ്ധ്യവും ഈ രാജ്യത്തിനാവശ്യമാണ് -ഹിലരി വ്യക്തമാക്കി.

ഹിലരിയുടെ ഓരോ സേവനത്തെയും വിലമതിക്കുന്നതായി അവരെ സദസ്സിന് പരിചയപ്പെടുത്തിയ ചില്‍ഡ്രന്‍ ഡിഫന്‍സ് ഫണ്ട് ചെയര്‍പേഴ്സന്‍ മാരിയാന്‍ എല്‍ഡ്മാന്‍ വ്യക്തമാക്കി. ഹിലരിയെ ജനങ്ങളുടെ പ്രസിഡന്‍റ് എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

Tags:    
News Summary - hillary clinton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.