ഇദ്ലിബില്‍ റഷ്യന്‍ വ്യോമാക്രമണം: മരണം 73

ഡമസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. ഞായറാഴ്ച രാത്രിയാണ് റഷ്യന്‍ സൈന്യം പ്രവിശ്യയിലെ ആറിടങ്ങളിലായി ശക്തമായ ആക്രമണം നടത്തിയത്. മരിച്ചവരില്‍ ഭൂരിഭാഗവും സവിലിയന്മാരാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. 

കഫ്ര്‍ നബ്ല്‍, മഅര്‍റത്തു നുഅ്മാന്‍ എന്നീ നഗരങ്ങളിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. കഫ്ര്‍ നബ്ലില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 26 പേരും മഅര്‍റത്തു നുഅ്മാനില്‍ 38 പേരും കൊല്ലപ്പെട്ടുവെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ സ്ഥിരീകരിച്ചു. വീടുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ സൈന്യത്തെ പിന്തുണച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റഷ്യന്‍ സൈന്യം ഇവിടെ ആക്രമണം തുടങ്ങിയത്.  ഒന്നര മാസത്തിനിടെ ഇദ്ലിബിലും സമീപത്തുമായി 288 സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. സിറിയയിലെ അലപ്പോ പ്രവിശ്യയില്‍ വിമത സേനക്കെതിരെ റഷ്യന്‍ സഹായത്തോടെ ബശ്ശാര്‍ സേന കനത്ത പോരാട്ടം തുടരുന്നതിനിടെയാണ് ഇദ്ലിബിലും പുതിയ സംഭവങ്ങള്‍.  അതിനിടെ, അലപ്പോയില്‍ സമാധാനശ്രമത്തിനായുള്ള യു.എന്‍ പ്രമേയത്തെ റഷ്യ വിമര്‍ശിച്ചു. 

Tags:    
News Summary - Air strikes kill 73 in rebel-held parts of Aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.