പട്ടാളക്കാർ കൂട്ടബലാൽസംഗം ചെയ്തു.. റോഹിങ്ക്യൻ ക്യാമ്പിലെ വനിതകൾ

സൂര്യാസ്തമയം കഴിഞ്ഞ് ഏറെ വൈകിയാണ് പട്ടാളക്കാർ കടന്നുവന്നത്.. ഒരു മാസം മുൻപ് വിവാഹം കഴിഞ്ഞ അവൾ ഭർത്താവുമൊന്നിച്ച് ഉറങ്ങാൻ കിടന്നതേ ഉണ്ടായിരുന്നുള്ളൂ.. ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവന്ന അവരെക്കണ്ട് അവൾ ഭയന്നുവിറച്ചു. കാരണം ഇതിനുമുൻപ് അവർ വന്നതിനുശേഷമായിരുന്നു അവൾക്ക് മതാപിതാക്കളെ നഷ്ടമായത്. പിന്നീട് സഹോദരനെ കാണാതായി. പക്ഷെ ഇത്തവണ അവർ വന്നത് അവളെ തേടിത്തന്നെയായിരുന്നു.

ഭർത്താവിനെ ഒരു കയറുകൊണ്ട് കെട്ടിയിടുകയാണ് അവർ ആദ്യം ചയ്തത്. അവളുടെ വായിൽ തുണി കുത്തിത്തിരുകി. ആദ്യത്തെയാൾ ബലാൽക്കാരത്തിന് മുതിർന്നപ്പോൾ തന്നെ അവൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചു. നാലുപേർ ചേർന്ന് അവളെ ബലമായി പിടിച്ചു. ഒരാൾ വലിയ വടിയെടുത്ത് അടിച്ചു. അവൾ ഭർത്താവിനെ നോക്കി. അയാൾ അതിനേക്കാൾ ദയനീയതയോടെ അവളെയും.

കരയാൻ പോലുമാവാത്ത അവളെ അഞ്ച് പേരും ബലാൽസംഗം ചെയ്തു. തിരിച്ചുപോകുമ്പോൾ ഭർത്താവിന്‍റെ നെഞ്ചിലേക്ക് വെടിയുതിർത്തു. മറ്റൊരാൾ തൊണ്ടയിലേക്കും. 

ഐക്യരാഷ്ട്രസഭ വംശീയഹത്യ നടക്കുന്നുവെന്ന് ആരോപിച്ച മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിം വനിതയുടെ അനുഭവമാണ് നേരത്തേ വിവരിച്ചത്. 

കഴിഞ്ഞ ദിവസമാണ് 13 വയസു മുതൽ 35 വയസുവരെയുള്ള 29 റോഹിങ്ക്യൻ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ബംഗ്ളാദേശുകളിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ഇവരെ നേരിട്ടുകണ്ട് തയാറാക്കിയ പ്രത്യേകം റിപ്പോർട്ടാണ് അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും രോഹിങ്ക്യകളെ വംശീയമായി തുടച്ചുനീക്കാനുള്ള ആസൂത്രിതമായ മാർഗമായാണ് ബലാൽസംഗത്തെ മ്യാൻമർ പട്ടാളം ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ തങ്ങളുടെ പട്ടാളം റോഹിങ്ക്യൻ സ്ത്രീകളെ ബലാൽസംഗം ചെയ്തിട്ടില്ലെന്ന് മ്യാൻമർ ഭരണകൂടം ആണയിട്ടുപറയുന്നു.

സംഘർഷം നിലനിൽക്കുന്ന റഖൈൻ പ്രദേശത്തെ മന്ത്രി ഒരിക്കൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.. ബലാൽ സംഗം ചെയ്യാൻ തോന്നുന്ന രീതിയിൽ ആകർഷകത്വം ഉള്ളവരാണ് ഈ സ്ത്രീകളെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന്.

പ്രായപൂർത്തിയാകാത്തവർ, ഗർഭിണികൾ അങ്ങനെ ആരേയും പട്ടാളം വെറുതെ വിട്ടിട്ടില്ല. പലരുടേയും മാതാപിതാക്കളുടേയും ഭർത്താക്കൻമാരുടേയും മക്കളുടേയും കൺമുന്നിൽ വെച്ചാണ് ക്രൂരത അരങ്ങേറിയത്. തങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പല സ്ത്രീകൾക്കും ഇപ്പോഴുമറിയില്ല. 

രഖൈൻ പ്രദേശത്തെ വിവിധ ഗ്രാമങ്ങളിൽ നിന്നും രക്ഷപ്പെട്ട് വന്ന് ബംഗ്ളാദേശിലെ അഭയാർഥി ക്യാമ്പുകളിലാണ് ഈ സ്ത്രീകൾ കഴിയുന്നത്. ഇവരുടെ ഫോട്ടോയും ഇനിഷ്യലുമടക്കമാണ് അസോസിയേറ്റഡ് പ്രസ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഗ്രാമങ്ങളിൽ നിന്നും വന്ന പരസ്പരം അറിയാത്ത സ്ത്രീകൾ പറയുന്ന അനുഭവത്തിന് പക്ഷെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സാമാനതയാണുള്ളത്.

Tags:    
News Summary - 21 Rohingya Women Recount Rape by Myanmar Armed Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.