യുദ്ധം പിഴുതെറിഞ്ഞത് അഞ്ചുകോടി കുഞ്ഞുങ്ങളെ

യുനൈറ്റഡ് നേഷന്‍സ്: ലോകത്ത് യുദ്ധവും പട്ടിണിയും അഞ്ചുകോടി കുഞ്ഞുങ്ങളെ അഭയാര്‍ഥികളാക്കിയതായി യുനിസെഫ് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ പിറന്നമണ്ണില്‍നിന്ന് ഒഴിപ്പിച്ചതായും ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ധിച്ചു. യുദ്ധം മുറിവേല്‍പിച്ച ബാല്യങ്ങളെന്നാണ് യുനിസെഫ് ഇവരെ വിശേഷിപ്പിച്ചത്. ഭരണകൂടങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാവുമെന്നും യുനിസെഫ് മുന്നറിയിപ്പു നല്‍കുന്നു. ‘തുര്‍ക്കി കടല്‍ത്തീരത്തടിഞ്ഞ ഐലന്‍ കുര്‍ദിയുടെ കുഞ്ഞു ശരീരവും  ബോംബാക്രമണത്തില്‍ പരിക്കേറ്റ ഇംറാന്‍ ദഖ്നീശിന്‍െറ ചോരവാര്‍ന്നൊഴുകുന്ന മുഖവും യുദ്ധത്തിന്‍െറ ഭീകരത തുറന്നുകാട്ടി ലോകത്തെ ഞെട്ടിച്ചു. ഒരിക്കലും മനസ്സില്‍നിന്ന് മായാത്ത ചിത്രങ്ങള്‍. ഇവയോരോന്നും ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ അപകടത്തിലാണെന്നതിന്‍െറ സൂചനകളാണ് നല്‍കുന്നത് -യുനിസെഫ് ഡയറക്ടര്‍ ആന്‍റണി ലെയ്ക് പറഞ്ഞു.

ഇത്തരം കുട്ടികളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അവര്‍ക്ക് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കേണ്ടതുണ്ട് -യുനിസെഫ് വക്താവ് ടെഡ് ചൈബാന്‍ ജനീവയില്‍ പറഞ്ഞു. അഭയാര്‍ഥികളായി മാറിയ ഒരുകോടി കുട്ടികളുടെയും അഭയം തേടുന്ന10 ലക്ഷത്തിന്‍െറയും അവസ്ഥ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. 1.7 കോടി കുട്ടികള്‍ ആഭ്യന്തരസംഘര്‍ഷം മൂലമാണ് സ്വന്തം വീടുകളില്‍നിന്നും രാജ്യത്തുനിന്നും കുടിയിറക്കപ്പെട്ടത്. ദാരിദ്ര്യവും സംഘടിത കുറ്റകൃത്യങ്ങളും രണ്ടു കോടി കുട്ടികളെ അഭയാര്‍ഥികളാക്കിയിരിക്കുന്നതായി യുനിസെഫ് കണ്ടത്തെി.

സിറിയ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് 45 ശതമാനം കുട്ടി അഭയാര്‍ഥികളുടെ പ്രവാഹമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കുഞ്ഞുങ്ങളില്‍ പലരും തനിച്ചാണ് അതിര്‍ത്തി കടക്കുന്നത് എന്നതും ഞെട്ടിപ്പിക്കുന്നതാണ്. 2015ല്‍ ഉറ്റവരാരുമില്ലാത്ത ഒരുലക്ഷം കുട്ടികള്‍ 78 രാജ്യങ്ങളില്‍ അഭയത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. 2014ലെ കണക്കനുസരിച്ച് മൂന്നുമടങ്ങ് വരുമിത്. ആവശ്യമായ രേഖകളില്ലാതെയാണ് ഇവരുടെ യാത്ര. പലരും കടല്‍വഴിയാണ് യൂറോപ്പിനെ ലക്ഷ്യംവെക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും ഈ ബാല്യങ്ങള്‍ ഇരയാക്കപ്പെടുന്നു. അവശ്യ ഭക്ഷണം പോലും ലഭിക്കാതെയുള്ള യാത്ര പല കുട്ടികളിലും നിര്‍ജലീകരണവും പോഷകക്കുറവും ഉണ്ടാക്കുന്നു. ചിലര്‍ പാതിവഴിയില്‍ കടലില്‍ മുങ്ങിപ്പോവുന്നു. ഈ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ചത്തെുന്നവരെ കാത്തിരിക്കുന്നത് വിവേചനവും പരദേശീ സ്പര്‍ധയുമാണ്.

 അഭയാര്‍ഥികളായി മാറുന്ന കുട്ടികളുടെ എണ്ണം ഭീതിദമായി വര്‍ധിക്കുന്നത് ലോകത്തിന്‍െറ ശ്രദ്ധ പതിയേണ്ട വിഷയമാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ എമിലി ഗാരിന്‍ ചൂണ്ടിക്കാട്ടുന്നു. ഈ കുഞ്ഞുബാല്യങ്ങള്‍ക്കു വേണ്ടത് താലചായ്ക്കാനിടവും ഭക്ഷണവും വിദ്യാഭ്യാസവുമാണ്. ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ അഭയാര്‍ഥികളാക്കി മാറ്റുന്നതിന്‍െറ മൂലകാരണങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.