കശ്മീരിലെ ഹൃദയഭേദകമായ അവസ്ഥക്ക് അറുതി വേണം –മലാല

ഇസ് ലാമാബാദ്: കശ്മീരിലെ മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ അവസ്ഥ മാറാന്‍ ഇന്ത്യയും പാകിസ്താനും അന്താരാഷ്ട്ര സമൂഹവും ഒന്നിച്ചു പരിശ്രമിക്കണമെന്ന് സമാധാന നൊബേല്‍ ജേത്രി മലാല യൂസുഫ് സായി. കശ്മീരിലുള്ളവര്‍ ഏതൊരു ജനതയെയുംപോലെ മൗലികമായ മനുഷ്യാവകാശങ്ങള്‍ അര്‍ഹിക്കുന്നവരാണ്.

ഇവര്‍ക്ക് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനായി ഏറ്റവും അടിയന്തരമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യു.എന്നിനോടും അന്തര്‍ദേശീയ സമൂഹത്തോടും ഇന്ത്യയോടും പാകിസ്താനോടും താന്‍ അഭ്യര്‍ഥിക്കുന്നതായും മലാല പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുശേഷം കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ 70ലേറെ പേരാണ് മരിച്ചത്.
നിരായുധരായി പ്രതിഷേധിച്ച നിരവധി പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. നൂറുകണക്കിനു പേര്‍ക്കു നേരെ പെല്ലറ്റ് ഗണ്ണുകള്‍ പ്രയോഗിച്ചു. ആഴ്ചകള്‍ നീണ്ട കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സ്കൂളുകള്‍ അടച്ചുപൂട്ടി കുട്ടികളെ ക്ളാസ്റൂമുകളില്‍ നിന്നകറ്റി. 140 ലക്ഷം വരുന്ന കശ്മീരി സഹോദരീ സഹോദരങ്ങള്‍ എല്ലായ്പോഴും തന്‍െറ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും മലാല പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.