ഇസ്രായേല്‍ സഖ്യസര്‍ക്കാറില്‍ യു.എസിന് ആശങ്ക

വാഷിങ്ടണ്‍: ഫലസ്തീന്‍ വിരുദ്ധ തീവ്രവലതുപക്ഷ കക്ഷികളെ ചേര്‍ത്ത് സര്‍ക്കാര്‍ വിപുലീകരിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ നീക്കത്തില്‍ അമേരിക്കക്ക് ആശങ്ക. ഫലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുല അംഗീകരിക്കാത്ത വിഭാഗക്കാരെ സര്‍ക്കാറിന്‍െറ ഭാഗമാക്കിയ നടപടി പല ചോദ്യങ്ങളും ഉയര്‍ത്തുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം, തീവ്രവലതുപക്ഷ കക്ഷിയായ ഇസ്രായേല്‍ ബെയ്തനു പാര്‍ട്ടിയെ സഖ്യത്തില്‍ ചേര്‍ക്കുകയും കടുത്ത ഫലസ്തീന്‍ വിരുദ്ധനെന്ന് അറിയപ്പെടുന്ന അവിഗ്ദര്‍ ലിബര്‍മാനെ രാജ്യത്തിന്‍െറ പ്രതിരോധമന്ത്രിയാക്കുകയും ചെയ്ത നെതന്യാഹുവിന്‍െറ നടപടിയോട് പ്രതികരിക്കുകയായിരുന്നു ടോണര്‍.

ഫലസ്തീനുമായി സമാധാന ചര്‍ച്ചക്ക് നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും ലിബര്‍മാന്‍െറ കാബിനറ്റിലേക്കുള്ള കടന്നുവരവ് ഈ നിലപാടില്‍ മാറ്റമുണ്ടാക്കുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ വിലയിരുത്തല്‍. വിഷയത്തില്‍ ഇസ്രായേല്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും യു.എസ് വ്യക്തമാക്കി. നെതന്യാഹുവിന്‍െറ നീക്കത്തെ ഫലസ്തീനും അപലപിച്ചു. പശ്ചിമേഷ്യയുടെ സ്ഥിരതക്ക് ഈ നീക്കം ഭീഷണിയാണെന്ന് നേരത്തേ ഫലസ്തീന്‍ വക്താവ് സഈബ് ഇറക്കാത്ത് പറഞ്ഞു. ലിബര്‍മാനെപോലുള്ളവരുടെ മന്ത്രിസഭാ പ്രവേശം മേഖലയില്‍ വംശീയതയും രാഷ്ട്രീയ അക്രമങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇസ്രായേലില്‍ ആഴ്ചകളായി സര്‍ക്കാര്‍ വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. 120 അംഗ പാര്‍ലമെന്‍റില്‍ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടിക്ക് 30 സീറ്റാണുള്ളത്. ചെറുകക്ഷികളുടെ പിന്തുണയോടെയാണ് ഭരണം മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസങ്ങളില്‍, രണ്ടാം കക്ഷിയായ സയണിസ്റ്റ് യൂനിയന്‍ നേതാവ് ഐസക് ഹെര്‍സോഗുമായി നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാറില്‍ ചേരുന്നതിന് ഹെര്‍സോഗ് സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹെര്‍സോഗിന്‍െറ പാര്‍ട്ടിക്ക് 24 അംഗങ്ങളാണുള്ളത്. ഇതിനുപിന്നാലെയാണ് ആറ് അംഗങ്ങളുള്ള ലിബര്‍മാനുമായി ചര്‍ച്ച നടത്തിയതും വളരെ പെട്ടെന്നുതന്നെ അദ്ദേഹത്തെ പ്രതിരോധമന്ത്രിയാക്കിയതും. ഇതോടെ, രാജ്യത്തെ പ്രധാന വലതുപക്ഷ കക്ഷികളെല്ലാം ഒറ്റച്ചേരിയിലായി. രാജ്യത്തിന്‍െറ ചരിത്രത്തില്‍ തന്നെ, ഏറ്റവും വലിയ തീവ്രവലതുപക്ഷ സര്‍ക്കാറാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.
അതേസമയം, നെത ന്യാഹുവിന്‍െറ നീക്കത്തില്‍ കുലാനു പോലുള്ള കക്ഷികള്‍ക്ക് പ്രതിഷേധമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.