അങ്കാറ: തുര്‍ക്കിപ്രധാനമന്ത്രിയായി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ വിശ്വസ്തന്‍ ബിനാലി യില്‍ദിറിമിനെ നിയമിച്ചു. ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി (അക് പാര്‍ട്ടി) പ്രത്യേക കോണ്‍ഗ്രസ് ചേര്‍ന്നാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. 1470 അംഗങ്ങളില്‍ 1405 പേര്‍ തീരുമാനം അനുകൂലിച്ചു.  
ഉര്‍ദുഗാനുമായി അഭിപ്രായഭിന്നതയെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച അഹ്മദ് ദാവൂദ് ഒഗ്ലുവിന്‍െറ പിന്‍ഗാമിയായാണ് യില്‍ദിറിം എത്തുന്നത്. നേരത്തേ ഗതാഗത മന്ത്രിയായിരുന്നു ഇദ്ദേഹം.  
പ്രസിഡന്‍റിനും അക് പാര്‍ട്ടി അംഗങ്ങള്‍ക്കുമൊപ്പം രാജ്യത്തിന്‍െറ അഭിവൃദ്ധിക്കായി ഒരുമിച്ചുപ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിക്ക് മേല്‍നോട്ടം വഹിക്കുക, കുര്‍ദ് വിമതരില്‍നിന്നും ഐ.എസില്‍നിന്നും നേരിടുന്ന തിരിച്ചടികള്‍ അതിജീവിക്കുക എന്നീ രണ്ട് ചുമതലകളാണ്  പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.  ഉര്‍ദുഗാന്‍െറ നയത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത യില്‍ദിറിം ഭരണഘടനാഭേദഗതി പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ട്. ദാവൂദ് ഒഗ്ലുവിന്‍െറ രാജിയിലേക്ക് നയിച്ച പ്രധാന കാരണവും ഇതുതന്നെയായിരുന്നു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂനിയനുമായി സ്വീകരിച്ച നയങ്ങളെ സംബന്ധിച്ചും ഉര്‍ഗുഗാനും ദാവൂദ് ഒഗ്ലുവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.  
 കുര്‍ദ് വിമതരുമായുള്ള തുര്‍ക്കിയുടെ വെടിനിര്‍ത്തല്‍ കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പോടെ അവസാനിച്ചിരുന്നു.
 രണ്ടാഴ്ച മുമ്പാണ് ദാവൂദ് ഒഗ്ലു പദവിയൊഴിഞ്ഞത്. എന്നാല്‍,  എം.പിയായി തുടരുമെന്നും അക് പാര്‍ട്ടിയെ വിഭജിക്കുകയില്ളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.