പാരിസില്‍നിന്നുള്ള ഈജിപ്ഷ്യന്‍ വിമാനം കാണാതായി

കൈറോ: പാരിസില്‍നിന്ന് കൈറോയിലേക്ക് പറന്ന ഈജിപ്ഷ്യന്‍ യാത്രാ വിമാനം കാണാതായി. 26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്ന എ.320 വിമാനമാണ് ഈജിപ്തിന്‍െറ ആകാശപ്പരപ്പിലേക്ക് പ്രവേശിച്ച ഉടനെ അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നതായി ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.45ഓടെയാണ് വിമാനം ഈജിപ്തിന്‍െറ ആകാശപ്പരപ്പിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ഈജിപ്തിന്‍െറ തീരപ്രദേശത്തുനിന്നും 280 കിലോമീറ്റര്‍ മാറി മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള വിമാനത്തിന്‍െറ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. ഈജിപ്തുകാരെ കൂടാതെ ഫ്രാന്‍സ്, ഇറാഖ്, ബ്രിട്ടന്‍, ബെല്‍ജിയം, കുവൈത്ത്, സൗദി അറേബ്യ, സുഡാന്‍, ഛാദ്, പോര്‍ചുഗല്‍, അല്‍ജീരിയ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

 വിമാനം കടലില്‍ തകര്‍ന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്. ഗ്രീസിന്‍െറ സഹകരണത്തോടെ ഈജിപ്ഷ്യന്‍ സൈന്യം വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ മാര്‍ച്ചില്‍ അലക്സാന്‍ഡ്രിയയില്‍നിന്ന് കൈറോയിലേക്ക് പുറപ്പെട്ട വിമാനം സമാനരീതിയില്‍ അപ്രത്യക്ഷമായിരുന്നു. മുന്‍ ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് യാത്രക്കാരില്‍ ഒരാള്‍ ബോംബ് ഭീഷണി മുഴക്കി വിമാനത്തെ സൈപ്രസിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ ഇയാളെ കീഴ്പ്പെടുത്തിയശേഷം വിമാനം രക്ഷപ്പെടുത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.