ഉത്തരകൊറിയന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന്

പ്യോങ്യാങ്: മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം ഉത്തരകൊറിയയില്‍ നടക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് വെള്ളിയാഴ്ച തലസ്ഥാനനഗരമായ പ്യോങ്യാങ്ങിലെ ഹൗസ് ഓഫ് കള്‍ചറില്‍ ആരംഭിക്കും. നിലവിലെ പ്രസിഡന്‍റ് കിം ജോങ് ഉന്‍ ജനിക്കുന്നതിനും മുമ്പ്, 1980ലാണ് ഇതിനുമുമ്പ് ഏകകക്ഷി സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപരിപാടിക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

രാഷ്ട്രീയവും സാമ്പത്തികവുമായ സുപ്രധാനനയങ്ങള്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കുമോ എന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതീവ ദുര്‍ബലമായ സാമ്പത്തികവ്യവസ്ഥയെ ഉണര്‍ത്താനുള്ള പദ്ധതികള്‍ കിം ജോങ് ഉന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത കമ്യൂണിസ്റ്റ് ആശയങ്ങള്‍ നടപ്പിലുള്ള രാഷ്ട്രത്തില്‍, കര്‍ഷകര്‍ക്ക് വിളയുടെ ഒരുഭാഗം കൈവശംവെക്കാനുള്ള അവകാശം നല്‍കിയതും ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വയം ഭരണാവകാശം നല്‍കിയതുമാണ് കിം ജോങ് ഉന്‍ പ്രസിഡന്‍റായതിനുശേഷമുള്ള നാലുവര്‍ഷത്തിനിടെ കൊണ്ടുവന്ന പരിഷ്കാരം.
കടുത്ത സെന്‍സര്‍ഷിപ് നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട 140 മാധ്യമപ്രവര്‍ത്തകരെ ഉത്തരകൊറിയ ക്ഷണിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.