സിറിയ: കാര്‍ബോംബാക്രമണത്തില്‍ വിമതനേതാവടക്കം 18 പേര്‍ കൊല്ലപ്പെട്ടു

ഡമസ്കസ്: തെക്കന്‍ സിറിയയിലെ ക്വിനീത്ര പ്രവിശ്യയില്‍ കാര്‍ബോംബാക്രമണത്തില്‍ വിമതനേതാവുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിനു ശേഷമാണിത്. രാജ്യത്തുടനീളം സര്‍ക്കാര്‍ സൈന്യത്തിന്‍െറ നേതൃത്വത്തില്‍ വ്യാപക കരാര്‍ലംഘനം നടക്കുകയാണെന്ന് വിമതര്‍ ആരോപിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്വിനീത്രയിലെ അല്‍ ആഷ് ഗ്രാമത്തിലെ ബശ്ശാര്‍ അല്‍അസദിനെതിരെ പോരാടുന്ന റെവലൂഷനറീസ് ഫ്രണ്ടിന്‍െറ പ്രാദേശിക ഓഫിസ് കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ സംഘത്തലവന്‍ അബൂ ഹംസ അല്‍ നെയ്മി എന്ന മുഹമ്മദ് അല്‍ഖൊയ്രിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാരുമുണ്ട്. ആക്രമണത്തില്‍ ഓഫിസ് പൂര്‍ണമായി തകര്‍ന്നു. സമീപത്തെ ചില കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ആക്രമണത്തിന് പിന്നില്‍ നുസ്റ ഫ്രണ്ട് ആണെന്നാണ് കരുതുന്നത്. സമീപകാലത്ത് നുസ്റ ഫ്രണ്ട് മേഖലയില്‍ നിരവിധ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനാണ് അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നത്. രാജ്യം വെടിയൊച്ചകള്‍ നിലച്ച് ശാന്തതയിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ ആക്രമണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.