ദുരിതമൊഴിയാതെ ഫല്ലൂജവാസികള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍

ബഗ്ദാദ്: കഴിഞ്ഞയാഴ്ച ഫല്ലൂജയില്‍  പോരാട്ടം കനക്കവെ, ഉമ്മു അമ്മാറും കുടുംബവും രക്ഷപ്പെടാന്‍ തുനിഞ്ഞപ്പോള്‍ ഐ.എസ് ഭീകരര്‍ അവരെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേബ്ള്‍വയറുകൊണ്ട് ഭര്‍ത്താവിനെയും മകനെയും മര്‍ദിച്ചവശരാക്കി. അവരിലൊരാള്‍ മകനെ തൂക്കിയെടുത്ത് പാലത്തില്‍നിന്ന് താഴേക്കെറിയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ നേതാവത്തെി. ആ മാതാവിന്‍െറ ദീനരോദനം കേട്ടിട്ടാണോ എന്നറിയില്ല അവരോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ആ കുടുംബം അവിടെനിന്നോടുകയായിരുന്നു. മൂന്നു മണിക്കൂര്‍ പിന്നിട്ടാണ് സര്‍ക്കാര്‍ അധീന മേഖലയില്‍ അവര്‍ക്ക് എത്താനായത്. രണ്ടുവര്‍ഷത്തെ ഐ.എസ് ആധിപത്യത്തിന് കഴിഞ്ഞ ദിവസം ഇറാഖ് സൈന്യം അന്ത്യംകുറിച്ചു. ഉമ്മു അമ്മാറിനെപ്പോലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് മേഖലയില്‍നിന്ന് പലായനം ചെയ്തത്. ഇവിടെനിന്ന് രക്ഷപ്പെടുന്ന പലരെയും മുമ്പ് സൈന്യം തടഞ്ഞുവെച്ച് ഐ.എസിനോട് കൂറുള്ളവരാണോ എന്ന്  പരിശോധിക്കുമായിരുന്നു.

അഭയാര്‍ഥികളെ ബഗ്ദാദില്‍നിന്ന് തെല്ലകലെ സര്‍ക്കാര്‍ നിര്‍മിച്ച താല്‍ക്കാലിക ക്യാമ്പുകളിലാണ് പുനരധിവസിപ്പിക്കുന്നത്. അസൗകര്യങ്ങളാല്‍ നട്ടംതിരിയുകയാണ് ആളുകള്‍ ഇവിടെ. മതിയായ ഭക്ഷണമോ വെള്ളമോ ശൗചാലയസൗകര്യങ്ങളോ ഇവിടെയില്ല. പലപ്പോഴും ട്രക്കുകളില്‍ അവശേഷിച്ച കുപ്പികളിലെ വെള്ളം കുടിച്ചാണ് കുഞ്ഞുങ്ങള്‍ ദാഹമകറ്റുന്നത്. സുന്നി മിലീഷ്യകളുടെയും ഐ.എസിന്‍െറയും അല്‍ഖാഇദയുടെയും താവളമായിരുന്നു ഫല്ലൂജ. ഐ.എസില്‍നിന്ന് മേഖല തിരിച്ചുപിടിക്കാന്‍ യു.എന്‍ പിന്തുണയോടെ ഇറാഖിസൈന്യം ആക്രമണം തുടങ്ങിയതോടെയാണ് പലായനം രൂക്ഷമായത്. യൂഫ്രട്ടീസ് നദി കടക്കാന്‍ ശ്രമിക്കവെ പലപ്പോഴും ഇവരില്‍ പലരും റോക്കറ്റാക്രമണത്തിലോ ഷെല്ലാക്രമണത്തിലോ കൊല്ലപ്പെട്ടു. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന പാക്കറ്റ് ഭക്ഷണവും വെള്ളവും  മാത്രമാണ് അവരുടെ ആശ്രയം.

കൊടുംശൈത്യത്തില്‍നിന്ന് രക്ഷനേടാനാവാതെ വലയുകയാണവര്‍. ഐ.എസ് പിടിച്ചെടുത്തശേഷം രണ്ടു വര്‍ഷമായി ഫല്ലൂജയിലെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോയിട്ടില്ല. അവരുടെ മനസ്സില്‍നിന്ന് ചരിത്രവും ഭൂമിശാസ്ത്രവും ഗണിതവും പറിച്ചെറിഞ്ഞ ഐ.എസ് ഭീകരര്‍  അവിടെ മതപഠനവും ആയുധപരിശീലനവും ചേര്‍ത്തുവെച്ചു. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കി. അവരുടെ ഭര്‍ത്താക്കന്മാരെ തടവിലുമാക്കി. പേടിപ്പെടുത്തുന്ന ആ ഓര്‍മകളില്‍നിന്നു മാത്രമേ ഞങ്ങള്‍ക്കിപ്പോള്‍ മോചനം ലഭിച്ചിട്ടുള്ളൂ. അതിനേക്കാള്‍ ദയനീയമാണ് അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥയെന്ന് 30കാരി ഫൗസിയ പറയുന്നു. ‘കിടക്കാന്‍ മത്തെകളോ ബ്ളാങ്കറ്റുകളോ ഞങ്ങള്‍ക്കു വേണ്ട. വിശപ്പകറ്റാന്‍ ഭക്ഷണം. പിന്നെ തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടവും. അതില്‍ കൂടുതലൊന്നും ഞങ്ങള്‍ മോഹിക്കുന്നില്ല’ -അവര്‍ പറഞ്ഞുനിര്‍ത്തി. ഫല്ലൂജയുടെ 90 ശതമാനവും തിരിച്ചുപിടിച്ചെന്നാണ് സൈന്യം അവകാശപ്പെടുന്നത്. അടുത്ത പടയോട്ടത്തിലേക്ക് കടക്കുംമുമ്പ് ക്യാമ്പുകളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് സന്നദ്ധ സംഘങ്ങള്‍ ആവശ്യപ്പെടുന്നു.  ഏതാണ്ട് 80,000 ഫല്ലൂജവാസികള്‍ കുടിയൊഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.