ഇന്തോനേഷ്യക്കാര്‍ക്ക് ഹജ്ജ് ചെയ്യാന്‍ 37 വര്‍ഷത്തെ കാത്തിരിപ്പ്

ജിദ്ദ: ഇന്തോനേഷ്യക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ 37 വര്‍ഷം കാത്തിരിക്കണം. 32 ലക്ഷം ഇന്തോനേഷ്യക്കാരാണ് ഹജ്ജ് വെയ്റ്റിങ് ലിസ്റ്റിലുള്ളത്. 22 കോടി മുസ്ലിംകളുള്ള ഇന്തോനേഷ്യയില്‍ ഹജ്ജ് കര്‍മത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണെന്ന് ഇന്തോനേഷ്യന്‍ മുസ്ലിം അസോസിയേഷന്‍ ഫോര്‍ ഹജ്ജ് ആന്‍ഡ് ഉംറ ട്രാവല്‍സ് ചെയര്‍മാന്‍ ജോകോ അസ്മോരോ പറഞ്ഞു.  

സര്‍ക്കാര്‍ ഹജ്ജ് പട്ടികയിലിടംപിടിക്കാന്‍ ആളുകള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നുള്ള ശരാശരി കാത്തിരിപ്പുകാലം 37 വര്‍ഷമാണ്. അതുകൊണ്ടുതന്നെ, താരതമ്യേന ചെലവും കാത്തിരിപ്പും കുറഞ്ഞ ഉംറക്ക് ആളേറെയാണ്. ഇന്തോനേഷ്യയില്‍ 3,500 ട്രാവല്‍ ഏജന്‍സികളാണുള്ളത്. അവയില്‍ 668 എണ്ണമാണ് ഉംറക്ക് അംഗീകാരം നേടിയിട്ടുള്ളത്. ഹജ്ജും ഉംറയും സംബന്ധിച്ച സൗദി മന്ത്രാലയത്തിന്‍െറ അംഗീകാരം നേടിയിട്ടുള്ളത് 200 എണ്ണവും. തീര്‍ഥാടകരെ കൊണ്ടുപോകാന്‍ നാല് വിമാനക്കമ്പനികളാണുള്ളത്. എന്നാല്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമുള്‍പ്പെടെയുള്ള വി.വി.ഐ.പി ഹജ്ജ് പാക്കേജുണ്ട്. ആറ് ലക്ഷത്തിനടുത്താണ് ഇതിന് വരുന്ന ചെലവ്.17,000ത്തോളം തീര്‍ഥാടകര്‍ മാത്രമാണ് ഇത് തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റ് ജിദ്ദയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അസ്മോരോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.