ഫല്ലൂജ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

ബഗ്ദാദ്: ഇറാഖി സൈന്യം ഐ.എസില്‍നിന്ന് ഫല്ലൂജ നഗരം തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. കാര്യമായ വെല്ലുവിളികളുയര്‍ത്താതെയായിരുന്നു ഐ.എസിന്‍െറ കീഴടങ്ങല്‍. ഫല്ലൂജ മോചിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റിയിരിക്കുന്നുവെന്നായിരുന്നു അബാദിയുടെ ആദ്യ പ്രതികരണം. ആഹ്ളാദസൂചകമായി സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ ഇറാഖ് സൈന്യം പതാകയുയര്‍ത്തി. 2014ല്‍ ഇറാഖിലെ തന്ത്രപ്രധാന നഗരമായ മൂസില്‍ പിടിച്ചെടുത്ത് മാസങ്ങള്‍ക്കകമായിരുന്നു ഐ.എസ് ഫല്ലൂജ കീഴടക്കിയത്.
‘‘ഏതാനും ചെറുഭാഗങ്ങളൊഴികെ മറ്റെല്ലായിടവും സൈന്യം കീഴടക്കിക്കഴിഞ്ഞു. മണിക്കൂറുകള്‍ക്കകം അത് പൂര്‍ത്തിയാകും. സൈന്യത്തിന്‍െറ അടുത്ത ലക്ഷ്യം മൂസില്‍ തിരിച്ചുപിടിക്കുകയാണെന്നും  അബാദി വ്യക്തമാക്കി.  ഒരു മാസം മുമ്പാണ് യു.എസ്  പിന്തുണയോടെ ഇറാഖ് സൈന്യം ഐ.എസ് അധീനതയിലുള്ള ഫല്ലൂജ നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. വെള്ളിയാഴ്ചയാണ് സൈന്യം ഫല്ലൂജയില്‍ പ്രവേശിച്ചത്.
സര്‍ക്കാര്‍ സൈന്യവും ഐ.എസും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പോരാട്ടം തുടങ്ങിയതോടെ നഗരത്തില്‍നിന്ന് ആയിരക്കണക്കിനു പേര്‍ പലായനം ചെയ്തിരുന്നു. അതേസമയം, പതിനായിരങ്ങള്‍ ഇപ്പോഴും നഗരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
 ഐ.എസ് ബന്ദികളാക്കിയ ഇവരുടെ എണ്ണം അരലക്ഷത്തിലേറെ വരുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 2014ല്‍ ഐ.എസ് രാജ്യത്ത് ശക്തിപ്രാപിച്ചതോടെ 34 ലക്ഷം ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.