ഇബേയില്‍ അല്‍സീസിയെ ലേലത്തില്‍ വെച്ചു

കൈറോ: സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും ആശ്രയിക്കുന്ന ഇബേ വെബ്സൈറ്റില്‍  ഈജിപ്തിലെ ഓണ്‍ലൈന്‍ വിരുതന്മാര്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയെയും ലേലത്തില്‍ വെച്ചു. സാമ്പത്തികവളര്‍ച്ച ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് സീസിക്ക്  ‘പണി’കിട്ടാന്‍ കാരണമായത്.

ദൈവത്തെയാണെ, രാജ്യത്തിന് ഉപകാരപ്രദമാവുമെങ്കില്‍ തന്നെ വില്‍ക്കാന്‍ തയാറാണെന്നായിരുന്നു സീസിയുടെ പ്രഖ്യാപനം. തൊട്ടുപിന്നാലെ പ്രസിഡന്‍റിനെ ലേലത്തില്‍ വെച്ച് ഇബേയില്‍ പേജ് പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകളോളം നടന്ന ലേലത്തില്‍ പ്രസിഡന്‍റിന്‍െറ വില 1,00,301 യു.എസ് ഡോളര്‍വരെ എത്തി. പേജിന്‍െറ ലിങ്ക് ഇബേ പിന്നീട് നീക്കിയെങ്കിലും പേജിന്‍െറ സ്ക്രീന്‍ഷോട്ടുകള്‍ സീസി ഫോര്‍ സെയില്‍ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പ്രചരിച്ചു.

രാജ്യം നേരിടുന്ന സാമ്പത്തിക പരാധീനതകള്‍ ഓരോന്നായി വിവരിച്ചതിനുശേഷം കടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ഓരോ പൗരന്മാരും ഒരു ഈജിപ്ഷ്യന്‍ പൗണ്ടുവീതം സംഭാവന നല്‍കണമെന്ന് സീസി ആഹ്വാനം ചെയ്തു. ‘എനിക്കെതിരെ നടക്കുന്ന വിമര്‍ശങ്ങള്‍ എന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കും. മറ്റാര്‍ക്കും ചെവികൊടുക്കാതെ എന്നെമാത്രം ശ്രദ്ധിക്കുക. രാജ്യത്തെ തകര്‍ക്കുന്നതിന്‍െറ ഭാഗമായി എന്‍െറ ക്ഷമയെ പരീക്ഷിക്കരുത്.

സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ആരെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും’-ഏകാധിപതിയുടെ ഭാഷയില്‍ സീസി പ്രഖ്യാപിച്ചു.സീസിയുടെ ഓരോ വാക്യങ്ങളെയും പ്രത്യേകം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശവും നിറഞ്ഞാടി. ഏകാധിപതിയായിരുന്ന ഹുസ്നി മുബാറകിന്‍െറ നാളുകളെ അനുസ്മരിപ്പിക്കുന്നതാണ് സീസിയുടെ ഭരണമെന്നാണ് പ്രധാന വിമര്‍ശം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.