ദക്ഷിണ ചൈനാ കടലില്‍ ചൈന മിസൈല്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്

തായ്പെയ്: ദക്ഷിണ ചൈനാ കടലിലെ തര്‍ക്കദ്വീപില്‍ ചൈന അത്യാധുനിക മിസൈല്‍ സ്ഥാപിച്ചതായി തായ്വാനും യു.എസും ആരോപിച്ചു. എട്ട് മിസൈലുകള്‍ വഹിക്കുന്ന രണ്ട് യൂനിറ്റുകളും റഡാര്‍ സംവിധാനവും ചൈന സ്ഥാപിച്ചതിന്‍െറ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചതായി ഫോക്സ് ന്യൂസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ ചൈനയുടെ നിയന്ത്രണത്തിലുള്ള  വൂഡി ദ്വീപില്‍ മിസൈലുകള്‍ സ്ഥാപിച്ചതായി തായ്വാന്‍െറ പ്രതിരോധമന്ത്രിയുടെ വക്താവ് ബുധനാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു.
തായ്വാനും വിയറ്റ്നാമും അവകാശമുന്നയിക്കുന്ന പാരാസെല്‍സ് ദ്വീപ് ശൃംഖലയില്‍ ഉള്‍പ്പെട്ട ദ്വീപാണിത്. ദക്ഷിണ ചൈനാ കടലില്‍ സമാധാനം നിലനിര്‍ത്താന്‍ കക്ഷികള്‍ സഹകരിക്കണമെന്നും ഏകപക്ഷീയമായ നീക്കങ്ങളില്‍നിന്ന് പിന്മാറണമെന്നും തായ്വാന്‍ ആവശ്യപ്പെട്ടു. ചൈനയുടെ നീക്കം സംഘര്‍ഷത്തിനിടയാക്കുമെന്ന് പ്രസിഡന്‍റ് സായി ഇങ് വെന്നും പറഞ്ഞു. രാജ്യങ്ങള്‍ സംയമനം പാലിച്ച് തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  യു.എസ് സൈനിക കേന്ദ്രങ്ങളും വാര്‍ത്ത ശരിവെച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തലവന്മാരും യു.എസ് പ്രസിഡന്‍റ്  ബറാക് ഒബാമയും മേഖലയിലെ സംഘര്‍ഷങ്ങളില്‍ അയവുവരുത്തുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ കാലിഫോര്‍ണിയയില്‍ നടന്നുകൊണ്ടിരിക്കവെയാണ് മിസൈല്‍ വിന്യാസത്തെ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
 അതേസമയം വാര്‍ത്തകള്‍ ചൈന നിഷേധിച്ചു. പാശ്ചാത്യമാധ്യമങ്ങളുടെ കെട്ടുകഥയാണ് സംഭവമെന്ന് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ചൈനയുടെ ദക്ഷിണാതിര്‍ത്തിയില്‍നിന്ന് നൂറുകണക്കിന് കി.മീറ്ററുകള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ദ്വീപുകളുള്‍പ്പെടെ ദക്ഷിണചൈനാ കടലിന്‍െറ ഭൂരിഭാഗം മേഖലയും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാല്‍ തായ്വാന്‍, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും മേഖലയുടെ മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ജനുവരിയില്‍ മേഖലയിലേക്ക് യു.എസ് യുദ്ധക്കപ്പല്‍ കടന്നത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.