സിറിയക്ക് 100 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ഖത്തർ

ദോഹ: ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന് ഖത്തര്‍ 100 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി. ലണ്ടനില്‍ ആരംഭിച്ച സിറിയന്‍ ജനതയെ സഹായിക്കുന്നതിനായുള്ള ലോക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയെ സഹായിക്കുന്നതിനും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിനും ഖത്തര്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഉറപ്പുനല്‍കിയിരുന്നതായി വിദേശകാര്യമന്ത്രി വ്യക്തമാക്കി. സിറിയന്‍ പ്രതിസന്ധി തുടങ്ങിയത് മുതല്‍ ഖത്തര്‍ 600 ദശലക്ഷം ഡോളര്‍ അവിടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. സിറിയക്കായി ഖത്തര്‍ വാഗ്ദാനം ചെയ്ത തുക യഥാസമയത്ത് തന്നെ ഖത്തര്‍ നല്‍കും. ഇതുവരെയുള്ള തങ്ങളുടെ വാഗ്ദാനം പൂര്‍ത്തീകരിച്ചതായും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും വാഗ്ദാനം യഥാര്‍ഥ അവകാശികളിലേക്ക് തന്നെ എത്തുമെന്നും ശൈഖ് മുഹമ്മദ് ആല്‍ഥാനി അടിവരയിട്ടു. എന്നാല്‍ നമ്മുടെ യഥാര്‍ഥ ലക്ഷ്യം നിലവിലെ പരിതസ്ഥിതിയില്‍ നിന്നും സിറിയന്‍ ജനതക്ക് സ്വാതന്ത്ര്യം നല്‍കലാണ്. ഇത് ലോകത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സിറിയന്‍ ജനതയെ സഹായിക്കുന്നതിനായി ലണ്ടനില്‍ ആരംഭിച്ച സമ്മേളനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉദ്ഘാടനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.