തുര്‍ക്കിക്കെതിരെ ബ്രിട്ടന് വേണ്ടിയുള്ള യുദ്ധം

ബഗ്ദാദ്: ശത്രുസേനയോടും കടുത്ത പട്ടിണിയോടും പോരാടി ഇന്ത്യന്‍ സൈനികര്‍ മൃത്യു വരിച്ചതിന്‍െറ  സ്മരണക്ക് വെള്ളിയാഴ്ച ഒരു നൂറ്റാണ്ട് തികഞ്ഞു. ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കിക്കെതിരെ ബ്രിട്ടന്‍ പ്രഖ്യാപിച്ച യുദ്ധത്തിലായിരുന്നു ഇന്ത്യന്‍ ഭടന്മാരുടെ പങ്കാളിത്തം. ബഗ്ദാദിലെ കൂത് അല്‍അമാറ പട്ടണത്തിലാണ് ഇന്ത്യന്‍ സേന വിന്യസിക്കപ്പെട്ടത്.  ടൈഗ്രീസ് നദിക്കരികിലെ ചെറുപട്ടണമാണ് കൂത് അല്‍അമാറ. 1916 ഏപ്രില്‍ 29നായിരുന്നു യുദ്ധം അവസാനിച്ചത്. യുദ്ധത്തിനൊടുവില്‍ ഒട്ടോമന്‍ സൈന്യം ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി. 13,000ത്തിലേറെ ബ്രിട്ടീഷ് സൈനികര്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്‍െറ തടവുപുള്ളികളായി മാറി. അഞ്ചുമാസത്തോളം അവര്‍ തടവില്‍ കഴിഞ്ഞു.
 സൈനിക മേധാവി മേജര്‍ ജനറല്‍ ചാള്‍സ് ടൗണ്‍ഷെന്‍റിന് അതൊരു തിരിച്ചടിയായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് പടയുടെ ഭാഗമായ  നൂറുകണക്കിന് ഇന്ത്യന്‍ സൈനികര്‍ വേവലാതിപ്പെട്ടത് വീടുകളിലേക്ക് മടക്കമുണ്ടാവില്ലല്ളോ എന്നോര്‍ത്തായിരുന്നു.
നവംബര്‍ 14നായിരുന്നു ബ്രിട്ടന്‍ ഉസ്മാനിയ ഭരണകൂടത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സൈന്യത്തിലെ ആറാം ഡിവിഷന്‍െറ നേതൃത്വം ചാള്‍സ് ടൗണ്‍ഷെന്‍ഡിനായിരുന്നു. ഒട്ടോമന്‍ സൈന്യത്തിനു മുന്നില്‍ ബ്രിട്ടന് അടിപതറി. ഡിസംബര്‍ മൂന്നിന് ബ്രിട്ടീഷ് സൈന്യം കൂത് അല്‍അമാറയില്‍ നിലയുറപ്പിച്ചു. 15,000 സൈനികരെ അവിടെ നിര്‍ത്താനായിരുന്നു ടൗണ്‍ഷെന്‍ഡിന്‍െറ പദ്ധതി. ഡിസംബര്‍ ഏഴിന് ഒട്ടോമന്‍ സൈന്യം കൂത് വളഞ്ഞ് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുദ്ധതന്ത്രം മാറ്റിയ ഒട്ടോമന്‍ സൈന്യം ബ്രിട്ടീഷ് സൈനികരെ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ തുടങ്ങി. ശത്രുക്കളുടെ വെടിയുണ്ടകള്‍ മാത്രമല്ല, പട്ടിണിയും സൈനികരുടെ മരണത്തിന് കാരണമായി. 1916 ജനുവരിയോടുകൂടി ടൗണ്‍ഷെന്‍ഡ് സൈനികര്‍ക്കനുവദിച്ച ഭക്ഷണം കഴിഞ്ഞിരുന്നു. വിശന്നുവലഞ്ഞവര്‍ക്ക്  കഴുതകളെയും കുതിരകളെയും കൊന്ന് ഇറച്ചി പാക്ക് ചെയ്ത് അയച്ചു. എന്നാല്‍, ഇന്ത്യന്‍ സൈനികര്‍ അത് തൊടാന്‍പോലും വിസമ്മതിച്ചു. അവരുടെ കൂട്ടത്തില്‍ ഹിന്ദു, മുസ്ലിം, സിഖ് മതവിഭാഗങ്ങളില്‍ പെട്ടവരുണ്ടായിരുന്നു. ചിലര്‍ ദുരിതത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യക്കു ശ്രമിച്ചു.
1916 ഏപ്രില്‍ വരെ ബ്രിട്ടീഷ്-ഒട്ടോമന്‍ പോരാട്ടം തുടര്‍ന്നു. ബ്രിട്ടീഷ് സൈന്യം ചരിത്രത്തിലാദ്യമായി  വ്യോമമാര്‍ഗം പോരാട്ടം തുടങ്ങി. അതിനിടെ ടൗണ്‍ഷെന്‍ഡ് ഒട്ടോമന്‍ സൈന്യവുമായി അനുരഞ്ജനത്തിനും ശ്രമിച്ചു. ഏപ്രില്‍ 29ന് ബ്രിട്ടീഷ് സൈന്യത്തിന്‍െറ കീഴടങ്ങല്‍ പൂര്‍ത്തിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.