യുദ്ധം, ദുരന്തങ്ങള്‍...

യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വര്‍ഷം. ആഗോള താപ നില നിയന്ത്രിക്കുന്നതിന് ലോകം കരാറിലത്തെിയതും ഇറാന്‍-അമേരിക്ക ശീത സമരത്തിന് അറുതിയായതും പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. മണ്ണിന്‍റേയും പ്രകാശത്തിന്‍റേയും വര്‍ഷമായാണ് 2015 ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷക്കും പ്രകൃതി സന്തുലനത്തിനും മണ്ണിന്‍െറ പ്രധാന്യം തിരിച്ചറിയുന്നതിനാണ് ഈ യു.എന്‍ പ്രഖ്യാപനം. 

കാലാവസ്ഥ വ്യതിയാന ഉടമ്പടി

മനുഷ്യ നിലനില്‍പ്പിനു വേണ്ടി പോയ വര്‍ഷത്തിന്‍െറ ഏറ്റവും വലിയ കരുതിവെപ്പ്. ഡിസംബര്‍ 12ന് പാരീസില്‍ നടന്ന ഉച്ചകോടിയില്‍ ഹരിതഗൃഹ വാതക നിര്‍ഗമനം മൂലമുണ്ടാകുന്ന മലിനീകരണം ഘട്ടം ഘട്ടമായി കുറക്കാന്‍ 147 രാജ്യങ്ങള്‍ ധാരണയിലത്തെി. അതുവഴി ആഗോള താപനം ഗണ്യമായി കുറക്കുകയാണ് ലക്ഷ്യം. മലിനീകരണം കുറക്കാന്‍ നടപടിയെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഉണ്ടാവില്ളെന്നും തീരുമാനമായി.

അഭയാര്‍ഥികള്‍

യൂറോപിലേക്കുളള സിറിയന്‍ അഭയാര്‍ഥി പ്രവാഹം

2011 ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തന്‍െറ തുടര്‍ച്ചയായി സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം ഈ വര്‍ഷം അതിന്‍െറ പാരമ്യതയിലത്തെി. 2015 ജൂലൈ, ആഗസ്ത് മാസങ്ങളിലായി ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ യൂറോപ്യന്‍ നാടുകളിലേക്ക് ചേക്കേറി.

ലോകത്ത് തുല്ല്യതയില്ലാത്ത പീഡനങ്ങള്‍ക്കിരയായ മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലിംകള്‍ കൂട്ടത്തോടെ തെക്കു കിഴക്കന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. സുരക്ഷിതമല്ലാത്ത നാടന്‍ ബോട്ടുകളില്‍ മലാക്ക കടലിടുക്കിലുടെയും അന്തമാന്‍  കടലിലൂടെയും അഭയാര്‍ഥികള്‍ മലേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്നു. അഭയാര്‍ഥികളുമായി കടല്‍ കടക്കുന്നതിനിടെ നിരവധി ബോട്ടപകടങ്ങളും ജീവഹാനികളും ഉണ്ടായി. അതിലൊന്നായിരുന്നു ലോകത്തെ നൊമ്പരപ്പെടുത്തിയ ഐലന്‍ കുര്‍ദി എന്ന കുരുന്നിന്‍റെ മരണം.

പ്രകൃതി ദുരന്തങ്ങള്‍

നേപ്പാൾ ഭൂകമ്പം
 

നേപ്പാള്‍, ഇന്ത്യ, ബംഗ്ളാദേശ്, ചൈന എന്നീ രാജ്യങ്ങള്‍ കൊടിയ നാശം വിതച്ച് ഏപ്രില്‍ 25ന് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളിലാണ് ഏറ്റവും കുടുതല്‍ നാശം സംഭവിച്ചത്. ഇവിടെ 8857 പേര്‍ മരിച്ചു. ഇന്ത്യയില്‍ 130 പേരും ചൈനയില്‍ 27ഉം ബംഗ്ളാദേശില്‍ നാലു പേരും മരണപ്പെട്ടു.  ഏപ്രില്‍ 29ന് നടന്ന ഈ ഭൂചലനത്തിന്‍െറ തുടര്‍ച്ചയായി മെയ് 12ന് വീണ്ടും നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളില്‍ 153 പേരും ഇന്ത്യയില്‍ 62പേരും മരിച്ചു. 
അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഒക്ടോബര്‍ 26നുണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ 279 പേരും അഫ്ഗാനിസ്താനില്‍ 115 പേരും ഇന്ത്യയില്‍ നാലു പേരും കൊല്ലപ്പെട്ടു. 

വിമാന അപകടം

ഇന്തോനേഷ്യൻ മിലിട്ടറി വിമാനം തകർന്നു വീണപ്പോൾ
 

സ്പെയിനിലെ ബാര്‍സലോണ എല്‍പ്രാറ്റ് എയര്‍പോര്‍ടില്‍ നിന്ന് ജര്‍മനിയിലെ ഡ്യുസ്സല്‍ഡോര്‍ഫിലേക്ക് പുറപ്പെട്ട ജര്‍മന്‍ വിംഗ്സ് വിമാനം ആല്‍പ്സിനു മുകളില്‍ തകര്‍ന്നു വീണു. മാർച്ച് 24ന് നടന്ന ഇൗ അപകടത്തിൽ 6 വിമാന ജീവനക്കാരും 144 യാത്രക്കാരുമടക്കം 150 പേർ  മരിച്ചു.  
ജൂലൈ ഒന്നിന് ഇന്തോനേഷ്യന്‍ എയര്‍ഫോഴ്സ് വിമാനം സുമാത്ര ദ്വീപിലെ മിഡാനിൽ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു 143 പേര്‍ കൊല്ലപ്പെട്ടു. 
ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ നിന്ന് ഒക്ടോബര്‍ 31ന് സെന്‍റ്പീറ്റേഴ്സ്ബര്‍ഗിലേക്ക് പുറപ്പെട്ട എയര്‍ബസ് സിനായി മേഖലയില്‍ തകര്‍ന്ന് വീണ് 224 പേര്‍ കൊല്ലപ്പെട്ടു. 

തീര്‍ഥാടക ദുരന്തം

മക്കാ ക്രെയിൻ ദുരന്തം
 

ഹജ് തീര്‍ഥാടനത്തിനടെ തിക്കിലും തിരക്കിലും പെട്ട് മക്കയില്‍ 2200 പേര്‍  കൊല്ലപ്പെട്ടു. സെപ്തംബര്‍ 24ന് നടന്ന ദുരന്തത്തില്‍ 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും 650 പേരെ കാണാതാവുകയും ചെയ്തു. 

തീവ്രവാദി ആക്രമണങ്ങള്‍


രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് പോയ വര്‍ഷം സാക്ഷിയായി. പാരീസിലെ വിവിധ കേന്ദ്രങ്ങളില്‍  നവംബര്‍ 13നാണ് ചാവേര്‍ ബോംബ് സ്ഫോടനവും വെടിവെപ്പും നടന്നത്. പാരീസിലെ ദേശീയ സ്റ്റേഡിയത്തിന് സമീപമാണ് ആദ്യ ചാവേറാക്രമണമുണ്ടായത്്. തുടര്‍ന്ന് കഫേകള്‍ക്കും റസ്റ്റോറന്‍്റുകള്‍ക്കും നേരെ വെടിവെപ്പുണ്ടായി. 130 പേര്‍ കൊല്ലപ്പെടുകയും 368 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. സിറിയയിലും ഇറാഖിലും ഐ.സിനെതിരായ യുദ്ധത്തില്‍ ഫ്രാന്‍സ് പങ്കാളി ആയതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. പാരീസിലെ ഹാസ്യ പ്രസിദ്ധീകരണം ചാര്‍ളി ഹെബ്ദോ ഓഫീസില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 

നൈജീരിയയിലെ ബാഗയില്‍ ജനുവരി  മൂന്നു മുതല്‍ ഏഴു വരെ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊല പരമ്പരയില്‍ 2000 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ബോകോ ഹറാമും കൈകോര്‍ക്കാന്‍ തീരുമാനിച്ചു. 
അല്‍ ശബാബ് തീവ്രവാദികള്‍ കെനിയയിലെ ഗരിസ്സ യൂനിവേഴ്സിറ്റി കോളജില്‍ ഇരച്ചുകയിറി 148 പേരെ വെടിവെച്ചുകൊന്നു. ഏപ്രില്‍ രണ്ടിന് നടന്ന കൂട്ടക്കൊലയില്‍ ജീവഹാനി സംഭവിച്ചവരിലേറെയും വിദ്യാര്‍ഥികളായിരുന്നു. സിറിയയിലെ കൊബനിയില്‍ ഐ.സ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 220 പേര്‍ കൊല്ലപ്പെട്ടു. 

യുദ്ധം


സിറിയയിലെ അസദ് സര്‍ക്കാരിനെ സഹായിക്കാന്‍ ഐ.എസിനെതിരെ  റഷ്യയുടെ വ്യോമാക്രമണം. വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ ജെറ്റ് വിമാനം തുര്‍ക്കി വെടിവെച്ചിട്ടു. 

അഴിമതി, പ്രക്ഷോഭം 
മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ യമന്‍ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സുര്‍ ഹാദി ജനുവരി 22ന് രാജിവെച്ചു. സമരം നടത്തുന്ന ഹൂത്തി വിമതര്‍ പ്രസിഡണ്ടിന്‍െറ കൊട്ടാരം പിടിച്ചെടുക്കുകയായിരുന്നു. 

പളാറ്റിനി, ബളാറ്റർ
 

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഫിഫ പ്രസിഡണ്ട് സെപ് ബ്ളാറ്റര്‍ രാജി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് നടത്തിയ ഈ പ്രഖ്യാപനത്തിന്‍െറ തുടര്‍ച്ചയായി ഡിസംബര്‍ 28ന് ബ്ളാറ്റര്‍ക്കും മിഷല്‍ പ്ളാറ്റീനിക്കും ഫിഫ എത്തിക്സ് കമ്മിറ്റി എട്ടു വര്‍ഷത്തെ സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തി. 

നാഴികക്കല്ലുകള്‍

നാസയുടെ ന്യൂ ഹൊറൈസണ്‍സ് ബഹിരാകാശ പേടകം ജൂലൈ 14ന് പ്ളൂട്ടോയുടെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രം പകര്‍ത്തി. പ്ളൂട്ടോയിലത്തെുന്ന ആദ്യ ബഹിരാകാശ പേടകമാണ് ന്യു ഹൊറൈസണ്‍സ്. 54 വര്‍ഷത്തെ ശീത സമരത്തിന് വിരാമമിട്ട് ക്യൂബയും അമേരിക്കയും ജൂലൈ 20ന് സമ്പൂര്‍ണ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. അണ്വായുധ പദ്ധതിയുമായി മുന്നോട്ടു പോവില്ളെന്ന് ഇറാന്‍റെ ഉറപ്പ്. സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കാന്‍ ഇറാന് യു.എന്‍ രക്ഷാ സമിതിയുടെ അനുമതി. ഈ ഉടമ്പടിക്ക് അമേരിക്കയുടെ അംഗീകാരം.

സെപ്തംബര്‍ 30ന് ചരിത്രത്തിലാദ്യമായി ഫലസ്തീന്‍ പതാക ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തിന് മുന്നില്‍ ഉയര്‍ത്തി. ഇസ്രായേലുമായുള്ള ഉടമ്പടി തങ്ങള്‍ക്ക് ഇനി ബാധകമല്ളെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് യു.എന്നില്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സെപ്തംബര്‍ 20ന് നേപ്പാള്‍ ജനാധിപത്യ ഭരണഘടന അംഗീകരിച്ചു. 2008ല്‍ രാജഭരണം അവസാനിച്ച ശേഷം തുടങ്ങിയ ചര്‍ച്ചകള്‍ക്കാണ് ഒടുവില്‍ ഫലം കണ്ടത്.
ഇന്ത്യ-പാക് ബന്ധത്തില്‍ ക്രിയാത്മക മാറ്റങ്ങളുടെ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 25ന് പകിസ്താനില്‍ മിന്നല്‍ പര്യടനം നടത്തി.

തയ്യാറാക്കിയത്: ഒ. ഉമറുല്‍ ഫാറൂഖ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.