മുംബൈ ഭീകരാക്രമണം: പാകിസ്താനിലെ കേസില്‍ സാക്ഷികളിലൊരാള്‍ കൂറുമാറി

ലാഹോര്‍: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ നടക്കുന്ന വിചാരണയില്‍ പ്രോസിക്യൂഷന് തിരിച്ചടി നല്‍കി സാക്ഷികളിലൊരാള്‍ കൂറുമാറി. ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ട പാക് പൗരന്‍ അജ്മല്‍ കസബ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. അജ്മല്‍ കസബ് മൂന്നുവര്‍ഷം പഠിച്ച ഫരീദ്കോട്ടിലെ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുദാസിര്‍ ലഖ്വിയാണ് കൂറുമാറിയത്. കസബിനെ താന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ മരിച്ചിട്ടില്ളെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും മൊഴിയില്‍ പറയുന്നു. റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ നടന്ന വിചാരണക്കിടെയാണ് കൂറുമാറ്റം.
കുറ്റാരോപിതനായ സകിയുര്‍ റഹ്മാന്‍ ലഖ്വിയുടെ നാട്ടുകാരനായ ഹെഡ്മാസ്റ്റര്‍, ലഖ്വിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാവാം മൊഴിമാറ്റിയതെന്ന് കോടതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാക്ഷി കൂറുമാറിയ സാഹചര്യത്തില്‍ ഇയാളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കസബ് സ്കൂളില്‍ പഠിച്ചതടക്കമുള്ള രേഖകള്‍ ഇയാള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൂറുമാറ്റം. ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ട കസബിനെ പരാമര്‍ശിക്കാനോ ഫരീദകോട്ടിലെ സ്കൂളില്‍ പഠിച്ച കസബാണോ ഇതെന്ന് വ്യക്തമാക്കാനോ വിചാരണയില്‍ മുദാസിര്‍ ലഖ്വി തയാറായില്ല. തുടര്‍ന്ന് കേസ് ഡിസംബര്‍ 16ന് പരിഗണിക്കാന്‍ മാറ്റി.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്‍െറ ഗൂഢാലോചനയും നടത്തിപ്പുമുള്‍പ്പെടെ പാകിസ്താനിലായിരുന്നുവെന്നും ലശ്കറെ ത്വയ്യിബയാണ് പിന്നിലെന്നുമാണ് ഇന്ത്യ ആരോപിക്കുന്നത്. പാകിസ്താനിലെ വിചാരണ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക് അധികൃതരോട് ആവശ്യപ്പെട്ട പിന്നാലെയാണ് കേസിലെ തിരിച്ചടി. നേരത്തെ ആക്രമണത്തില്‍ പാക് ബന്ധം നിഷേധിച്ചിരുന്ന പാകിസ്താന്‍ പിന്നീട് കസബ് പാക് പൗരനാണെന്ന് സമ്മതിച്ചിരുന്നു. 2012 നവംബറില്‍ പുണെയിലെ ജയിലിലാണ് കസബിനെ തൂക്കിലേറ്റിയത്.
ലശ്കര്‍ കമാന്‍ഡര്‍ സകിയുര്‍ റഹ്മാന്‍ ലഖ്വി, അബ്ദുല്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, സാദിഖ്, ഷാഹിദ് ജമീല്‍, ജമീല്‍ അഹ്മദ്, യൂനസ് അന്‍ജം എന്നിവര്‍ക്കെതിരെ 2009ല്‍ തുടങ്ങിയ വിചാരണ ഇതോടെ വീണ്ടും നീളുന്ന സ്ഥിതിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.