തെഹ്റാൻ: ഹുർമുസ് കടലിടുക്കിന് സമീപം പലാവു പതാക ഘടിപ്പിച്ച 'എം.ടി സെറ്റെബെല്ലോ' എണ്ണക്കപ്പലിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വാഷിങ്ടണിനെതിരെ ഇറാൻ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയെ അപകടപ്പെടുത്തുന്നതും നാവിക സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതുമാണ് അമേരിക്കയുടെ നടപടിയെന്ന് ഇറാൻ കുറ്റപ്പെടുത്തി.
അമേരിക്കയുടേത് വെറുമൊരു ആക്രമണമല്ല, മറിച്ച് 'സായുധ കവർച്ചയും ഭരണകൂട കടൽക്കൊള്ളയുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് വിശേഷിപ്പിച്ചു. ഇത്തരം നിയമവിരുദ്ധമായ ആക്രമണങ്ങൾക്ക് വാഷിങ്ടണിനെ അന്താരാഷ്ട്ര സമൂഹം കടുത്ത വിചാരണക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇസ്മായിൽ ബഖായ് ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
"മൂന്ന് ഇന്ത്യൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ വാണിജ്യ കപ്പലിന് നേരെയുള്ള അമേരിക്കയുടെ ക്രൂരമായ ആക്രമണം, അവരുടെ സായുധ കവർച്ചാ നയത്തിന്റെ വ്യക്തമായ തെളിവാണ്. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നു. ഒപ്പം ഇന്ത്യൻ ജനതക്കും സർക്കാരിനും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു." ഇസ്മായിൽ ബഖായ് കുറിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് 24 ഇന്ത്യൻ ജീവനക്കാരുമായി പോയ 'എം.ടി സെറ്റെബെല്ലോ' എന്ന ടാങ്കറിന് നേരെ ഒമാൻ തീരത്ത് വെച്ച് യു.എസ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ ജെയ്സൺ മീക്സിനെ വിളിച്ചുവരുത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ് എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, മേഖലയിൽ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടു.
നാവികരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ഇത്തരം ആക്രമണങ്ങളെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും ശക്തമായി അപലപിച്ചു. സിവിലിയൻ കപ്പലുകളെയും നാവികരെയും അപകടത്തിലാക്കുന്ന ഒരു നടപടിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഐ.എം.ഒ സെക്രട്ടറി ജനറൽ ആഴ്സീനിയോ ഡൊമിംഗസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, കപ്പൽ വിലക്കുകൾ ലംഘിച്ച് ഇറാന്റെ എണ്ണ കടത്തുകയായിരുന്നുവെന്നും തങ്ങളുടെ നിർദേശങ്ങൾ പാലിക്കാൻ കപ്പൽ അധികൃതർ തയാറാകാതിരുന്നതിനാലാണ് ആക്രമണം നടത്തിയതെന്നുമാണ് യു.എസ് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.