ദുമ്യാത് തുറമുഖം

ഈജിപ്തിൽ അമേരിക്കൻ കപ്പൽ ആക്രമിക്കപ്പെട്ട സംഭവം; പിന്നിൽ ഇസ്രാ​യേലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

കെയ്റോ: ഈജിപ്തിലെ ദുമ്യാത് തുറമുഖത്ത് യു.എസ് ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന വാദങ്ങൾ തള്ളിക്കളഞ്ഞ് കെയ്റോ. ഒരു രാജ്യത്തെയും ഔദ്യോഗികമായി കുറ്റപ്പെടുത്താൻ തയാറാകാത്ത ഈജിപ്ത്, തങ്ങൾ ഇറാനെ സംശയിക്കുന്നതായി മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും നിഷേധിച്ചു. ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്താൻ തക്ക തെളിവുകൾ ഇല്ലെന്നും അന്വേഷണം തുടരുകയാണെന്നും ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഈജിപ്തിലെ തന്ത്രപ്രധാനമായ ദുമ്യാത് തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മേഖലയിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന നിഗൂഢ നീക്കങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്തുത ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന സൂചനകളാണ് തസ്നിം വാർത്താ ഏജൻസിയും പങ്കുവെക്കുന്നത്.

ജൂലൈ 29ന് മെഡിറ്ററേനിയൻ തീരത്തുള്ള ദുമ്യാത് തുറമുഖത്ത് നിർത്തിയിട്ടിരുന്ന രണ്ട് എൽ.എൻ.ജി കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കൻ ഉടമസ്ഥതയിലുള്ള എനർജോസ് വിന്റർ, ഗ്യാസ്‌ലോഗ് സേലം എന്നീ വാതക സംഭരണ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. തുടക്കത്തിൽ എഞ്ചിൻ മുറിയിലുണ്ടായ തീപിടുത്തമാണെന്ന് സംശയിച്ചിരുന്നെങ്കിലും, പിന്നീട് ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ സംഭവം ഡ്രോൺ ആക്രമണമാണെന്ന് ഈജിപ്ഷ്യൻ അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. യമനിലെ ഹൂതി വിമതരും സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആഗോള കപ്പൽ ഗതാഗതത്തെയും ഊർജ്ജ വിതരണത്തെയും തടസ്സപ്പെടുത്താനുള്ള ഇറാന്റെയോ സഖ്യസേനകളുടെയോ നീക്കമാണിതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ഇറാന് പങ്കുണ്ടാകാമെന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റും പ്രസ്താവന നടത്തിയിരുന്നു. എന്നാൽ തങ്ങൾ ഇറാനെ സംശയിക്കുന്നതായി വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് ഈജിപ്ത് നിഷേധിച്ചു.

ഈ റിപ്പോർട്ടുകൾ പൂർണമായും തള്ളിക്കളഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രി, ഈജിപ്ത് തങ്ങളുടെ അടുത്ത പങ്കാളിയാണെന്നും ആ രാജ്യത്തിന്റെ സുരക്ഷ തങ്ങൾക്ക് ഏറെ പ്രധാനമാണെന്നും വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇസ്രായേലിന്റെ ഗൂഢാലോചനകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, ഇറാന്റെ ആരോപണങ്ങൾ നിഷേധിച്ച ഇസ്രായേൽ സൈന്യം സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് അവകാശപ്പെട്ടു.

ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ ആരംഭിച്ച സംഘർഷങ്ങൾക്കിടെ ഈജിപ്തിനു നേരെ ഉണ്ടാകുന്ന ആദ്യ ആക്രമണമാണിത്. യൂറോപ്പിലേക്കുള്ള വാതക കയറ്റുമതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തുറമുഖത്തെ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ ഈജിപ്ഷ്യൻ സുരക്ഷാ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - ഈജിപ്തിൽ അമേരിക്കൽ കപ്പൽ ആക്രമിക്കപ്പെട്ട സംഭവം| പിന്നിൽ ഇസ്രാ​യേലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.