കഴിഞ്ഞ ദിവസം ചേർന്ന ഐ.ഡി.എഫ് യോഗത്തിൽ ഐഡിഎഫ് തലവൻ ലഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും 

ഇറാന്റെ ഭീഷണി: അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടി ഇസ്രായേലുകാർ, ജി.പി.എസ് സംവിധാനം തടസ്സപ്പെട്ടു; പരിഭ്രാന്തരാകരു​തെന്ന് സൈനിക വക്താവ്

തെൽഅവീവ്: തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിനെതിരെ തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടർന്ന് ഇസ്രായേലിൽ ആക്രമണ ഭീതി ഉയരുന്നു. അവശ്യസാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങാൻ ഇന്നലെ രാജ്യത്തുടനീളം ആളുകൾ തിരക്കുകൂട്ടി. ഇവയുടെ വിൽപനയിൽ വ്യാഴാഴ്ച കുതിച്ചുചാട്ടമുണ്ടായതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

അതിനിടെ ജി.പി.എസ് സിഗ്നൽ സംവിധാനം വ്യാപകമായി തടസ്സപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. ഗൂഗ്ൾ മാപ്‌ പോലുള്ള നാവിഗേഷൻ ആപ്പുകൾക്ക് തടസ്സം നേരിട്ടതായി പ്രദേശവാസികൾ പറഞ്ഞു. തെൽ അവീവിലൂടെ വാഹനമോടിക്കുന്നവരുടെ ആപ്പുകളിൽ ലെബനാനിലെ ബെയ്‌റൂത്താണ് ലൊക്കേഷനായി കാണിച്ചിരുന്നത്. ഇറാനിയൻ ആക്രമണം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തടസ്സം സൃഷ്ടിച്ചതെന്നാണ് സൈന്യം പറയുന്നത്.

വ്യാഴാഴ്‌ചത്തെ വിൽപന സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായിരുന്നുവെന്ന് റാമി ലെവി സൂപ്പർമാർക്കറ്റുകളുടെ ഉടമ റാമി ലെവി പറഞ്ഞു. സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള പരിഭ്രാന്തി കാരണമാണോ വിൽപന ഉയർന്ന​​തെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ള വിൽപനയിൽ 300 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യോചാനനോഫ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ ഈറ്റൻ യോചാനനോഫ് പറഞ്ഞു. ഇന്നലെ മാത്രം ആയിരക്കണക്കിന് ജനറേറ്ററുകൾ വിറ്റതായി വൈദ്യുതി ഉപകരണ വിൽപന ശൃംഖലയിലെ ഉദ്യോഗസ്ഥൻ ‘ദി മാർക്കർ’ ദിനപത്രത്തോട് പറഞ്ഞു. വൈദ്യുതി ശൃംഖലയിൽ മിസൈൽ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നാണ് ഈ കുതിച്ചു ചാട്ടം. “ആവശ്യക്കാർ കൂടിയതോടെ സ്റ്റോറുകളിൽ കൂടുതൽ ജനറേറ്ററുകൾ എത്തിക്കുമ്പോഴേക്കും ചൂടപ്പം പോലെ വിറ്റുപോയി’ -അദ്ദേഹം പറഞ്ഞു.

ഗസ്സ യുദ്ധം ആരംഭിച്ചതോടെ 2023 ഒക്‌ടോബർ 10ന് ഇസ്രായേലിലെ റാമി ലെവി സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ശിശു സംരക്ഷണ വിഭാഗം ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫുകൾ ശൂന്യമായ നിലയിൽ. ഇറാൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെയും വൻ തിരക്കാണ് കടകളിൽ അനുഭവപ്പെട്ടതെന്ന് ഉടമ റാമി ലെവി പറഞ്ഞു.

ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് നിരവധി മുനിസിപ്പാലിറ്റികൾ വ്യാഴാഴ്ച അവയുടെ പരിധിയിലെ താമസക്കാരോട് ആഹ്വാനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 600 വാക്കി-ടോക്കികൾ വാങ്ങുമെന്ന് ഇസ്രായേലിലെ പ്രാദേശിക ഫെഡറേഷൻ അറിയിച്ചു. “രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ അനുസരിക്കാൻ ആഹ്വാനം ചെയ്യുന്നു. വരാനിരിക്കുന്ന ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യണം’ - ഫെഡറേഷൻ ചെയർമാൻ ഹൈം ബിബാസ് പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, ജനങ്ങളുടെ ഭീതിയകറ്റാൻ ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി രംഗത്തെത്തി. ജനറേറ്ററുകൾ വാങ്ങാനും ഭക്ഷണം ശേഖരിക്കാനും എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ആരും തിരക്കുകൂട്ടേണ്ടതില്ലെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. സിവിലിയൻമാർക്കുള്ള നിർദേശങ്ങളിൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു.

ഇറാന്റെ തിരിച്ചടി ഏതുരീതിയിൽ ?

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർ മുഹമ്മദ് റിസ സഹേദി, കമാൻഡർ മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇതിന് തിരിച്ചടി നൽകുമെന്നും ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചിരുന്നു. 'ഇറാന്‍റെ ധീരരായ സൈനികരാൽ ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടും. ഈ കുറ്റകൃത്യത്തിനും മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതക്കും അവർ പശ്ചാത്തപിക്കേണ്ടിവരും' -എന്നായിരുന്നു ഖാംനഈയുടെ സന്ദേശം.

ഇതിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ തിരിച്ചടി എവ്വിധമായിരിക്കും എന്നതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇസ്രായേലിലെ ജി.പി.എസ് സിസ്റ്റം ഹാക്ക് ചെയ്ത് വൈദ്യുതി, ജല വിതരണവും ആശുപത്രി പ്രവർത്തനങ്ങളും അവതാളത്തിലാക്കിയേക്കും എന്ന് മുന്നറിയിപ്പുണ്ട്. മിസൈൽ മുന്നറിയിപ്പ് സംവിധാനവും ഹാക്ക് ചെയ്യാനുള്ള സാധ്യത ഇസ്രായേലി പ്രതിരോധ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ലബനാനിൽനി​ന്നോ സിറിയയിൽ നിന്നോ ഉള്ള മി​സൈൽ ആക്രമണത്തിനും സാധ്യത കൽപിക്കുന്നുണ്ട്. ഇറാനിൽനിന്ന് നേരിട്ട് ഇസ്രായേലിനെ ആക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ, വ്യാപക രീതിയിലുള്ള ആക്രമണത്തിന് പകരം നിയന്ത്രിത തിരിച്ചടിക്കാണ് ഇറാൻ ഒരുങ്ങുന്നത് എന്നാണ് മുതിർന്ന ഇറാൻ ഉ​ദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

പ്രതികാരം ചെയ്യു​മെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ മുഴുവൻ റിസർവ് സൈനികരോടും സേനയിൽ പ്രവേശിക്കാൻ ഇസ്രായേൽ ഉത്തരവിട്ടിരുന്നു. അവധിയിലുള്ള സൈനികരുടെ അവധി റദ്ദാക്കുകയും ചെയ്തു.

Tags:    
News Summary - Amid fears of Iranian attack, IDF says no need to ‘buy generators, stock food, get cash’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.