ഡാം തകർന്ന് വെള്ളം കുത്തിയൊലിക്കുന്നതിന്‍റെ ആകാശദൃശ്യം വൈറൽ -Video

മിഷിഗൺ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ അമേരിക്കൻ സംസ്ഥാനമായ മിഷിഗനിലെ ഡാം തകർന്ന് വെള്ളം കുത്തിയൊഴുക്കുന്നതിന്റെ ആകാശ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ഈഡൻവില്ലെ, സാൻഫോർഡ് എന്നീ ഡാമുകൾ തകർന്നത്. ഇതിൽ ടിറ്റബാവസ്സി നദിയിലെ  ഈഡൻവില്ലെ ഡാം തകർന്ന് വെള്ളമൊഴുകുന്നതിന്റെ നാടകീയമായ ആകാശദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

വിക്സോം തടാകത്തിലെ വെള്ളം സാൻഫോർഡ് തടാകത്തിലേക്ക് ഒഴുകുന്നതാണ് വിഡിയോയിലുള്ളത്.വെള്ളപ്പൊക്കമുണ്ടായ മിഡ്ലാൻഡിലെ പൈലറ്റായ റയാൻ കലെറ്റോ ആണ് വിമാനത്തിലിരുന്ന് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 10 ലക്ഷത്തോളം പേർ കണ്ടു. 19,000ത്തിലേറെ പേർ ഷെയർ ചെയ്തിട്ടുമുണ്ട്. 

കുത്തിയൊലിക്കുന്ന വെള്ളത്തിൽ പൈൻമരങ്ങൾ കടപുഴകുന്നത് വിഡിയോയിൽ കാണാം. അതേസമയം, നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണൽ വെതർ സർവിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഡാമുകൾ തകർന്നതിനെ തുടർന്ന് മിഷിഗണിലെ മിഡ്ലാന്റിൽ ചില ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചതായി മിഷിഗൺ ലൈവ് റിപ്പോർട്ട് ചെയ്തു. മിഡ്‌ലാൻഡ്, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് മിഷിഗണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വെന്റിലേറ്ററുകൾ നിർമ്മിക്കുന്ന ഫോർഡിന്റെ പ്ലാന്റ് സന്ദർശിക്കാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഷിഗൺ സന്ദർശിക്കാനിരിക്കെയാണ് വെള്ളപ്പൊക്കമുണ്ടായത്.

ടിറ്റബാവസ്സി നദി 38 അടി ഉയരത്തിലെത്തി കരകവിയുമെന്നാണ് മുന്നറിയിപ്പ്. 40,000ത്തോളം പേർ ഈ പ്രദേശങ്ങളിൽ താമസിക്കുന്നുവെന്നാണ് വിവരം. അമേരിക്കയിൽ കോവിഡ് വ്യാപിക്കുന്നതിനാൽ ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിൽ അധികൃതർ പ്രതിസന്ധി നേരിടുന്നുണ്ടെന്നും മിഷിഗൺ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

Full View
Tags:    
News Summary - Wixom Lake will be gone by tomorrow-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.