വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിനിധി സഭയായ കോൺഗ്രസ് തുടരുന്ന ഇംപീച്ച്മെന്റ് നടപടികൾ നിർത്തണമെന്ന് വൈറ്റ് ഹൗസ്. ജുഡീഷ്യറി സമിതിക്ക് നൽകിയ കത്തിലാണ് നടപടികൾ നിർത്തിവെക്കാൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടത്.
ട്രംപിനെതിരെ നികുതിപണം ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യയാണെന്നും ഇംപീച്ച്മെന്റ് വ്യവസ്ഥകൾ അധികാര ദുർവിനിയോഗമാണെന്നും കത്തിൽ ആരോപിക്കുന്നു. അതിനിടെ, ഇംപീച്ച്മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് ട്രംപും ട്വീറ്റ് ചെയ്തു.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്ലബ്ലിക്കൻ സ്ഥാനാർഥിയായി രംഗത്തുവന്ന മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് വിചാരണ നേരിടുന്നത്.
പ്രതിനിധിസഭയാണ് ആദ്യം കുറ്റപത്രം പരിഗണിക്കുക. സഭ അംഗീകരിച്ചാൽ ഉന്നത സഭയായ സെനറ്റിലേക്ക്. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും. എല്ലാ ആരോപണങ്ങളും തള്ളിയാൽ കുറ്റമുക്തനാകും.
യു.എസ് ചരിത്രത്തിൽ നാലാം തവണയാണ് പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് നടക്കുന്നത്. വിചാരണക്കൊടുവിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസായാൽ ആദ്യമായി ഇംപീച്ച്മെന്റ് വഴി പുറത്താകുന്ന പ്രസിഡന്റാകും ട്രംപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.