ഞങ്ങള്‍ മുസ്ലിംകള്‍ ഭീതിയിലാണ്; പക്ഷേ...

യു.എസ് തെരഞ്ഞെടുപ്പ് ദിവസം ഞാനും സുഹൃത്തുക്കളും ഡോണള്‍ഡ് ട്രംപ് ജയിച്ചാല്‍, മുസ്ലിംകളുടെ സ്ഥിതി എന്തായിരിക്കുമെന്ന് സംസാരിച്ചു. ‘മുസ്ലിംകള്‍ ഒന്നാകെ ക്യാമ്പുകളിലേക്ക് മാറ്റപ്പെടും’. ‘ആ ക്യാമ്പുകളില്‍ വൈ-ഫൈ ഉണ്ടാകുമോ?’ ‘ക്യാമ്പുകളിലേക്ക് മാറിയാല്‍ വീട്ടിലെ പൂന്തോട്ടം ആരു നനയ്ക്കും?’ തുടങ്ങിയ തമാശ ചോദ്യങ്ങളെല്ലാം ആ സംസാരത്തിനിടെ ഉയര്‍ന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ തുടങ്ങിയതും തമാശയെല്ലാം പൊടുന്നനെ നിന്നു.
തമാശ ആശങ്കക്ക് വഴിമാറി. ഇത് വിശ്വസിക്കാനാവുന്നുണ്ടോ എന്ന് പലരും ഞെട്ടലോടെ ചോദിച്ചു. ഞെട്ടല്‍ അല്‍പനേരത്തിനകം ഭീതിയായി. രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന മുസ്ലിം വിരുദ്ധത ഞങ്ങളുടെ കൊച്ചുകുട്ടികളും മനസ്സിലാക്കുന്നതിന്‍െറ സൂചനകള്‍ കാണിക്കുന്നുണ്ട്. ആ കുട്ടികളോട് എങ്ങനെ ഇതെല്ലാം വിശദീകരിക്കുമെന്നായി ആലോചനകള്‍.

ജീവിതത്തിലെ ഏറ്റവും ഭീതിദമായ സന്ദര്‍ഭമാണിത്. ഇതു സംഭവിക്കുമെന്ന് തിരിച്ചറിയാന്‍ എനിക്കായില്ല. തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച്  ബ്രൂക്ലിന്‍ കോളജിലെ എന്‍െറ വിദ്യാര്‍ഥികളുമായി സംസാരിച്ചു. ലിബറല്‍ ന്യൂയോര്‍ക്കില്‍ അവരില്‍ പലരും വ്യക്തിപരമായി നേരിട്ട കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ ഞാന്‍ നടുങ്ങി.

അവരില്‍ ഒരാള്‍ മാന്‍ഹാട്ടനിലെ ബാങ്കില്‍ ജോലിചെയ്യുന്നയാളാണ്. അല്‍പം പ്രശ്നക്കാരിയായ ഒരു വെളുത്ത വനിത ബാങ്കില്‍ സ്ഥിരമായി വരാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന ദിവസം, ആഫ്രിക്കന്‍ അമേരിക്കക്കാരിയായ എന്‍െറ വിദ്യാര്‍ഥിനിയോട് ആക്രോശിച്ചത്, ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാല്‍ നീയൊന്നും ബാങ്കിലെ ജീവനക്കാരിയായിരിക്കില്ളെന്നാണ്.

ബസ് യാത്രക്കാരിയായ ഒരു മെക്സിക്കന്‍ സ്ത്രീ ബാഗ് വെച്ചത് ചെറിയ വഴിതടസ്സമായപ്പോള്‍, വെള്ളക്കാരനായ ഒരു വൃദ്ധന്‍, അവരോട്, ട്രംപ് ജയിച്ചാല്‍ നീയൊക്കെ ഉടന്‍ രാജ്യം വിടേണ്ടിവരുമെന്ന് ആക്രോശിച്ച സംഭവം മറ്റൊരു വിദ്യാര്‍ഥിയും പങ്കുവെച്ചു. ഡേകെയര്‍ സെന്‍ററില്‍ ജോലിചെയ്യുന്ന ഒരു വിദ്യാര്‍ഥിനി പങ്കുവെച്ചതും ഏറെ സംഘര്‍ഷമുണ്ടാക്കുന്നതാണ്. അഞ്ചു മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ളവരാണ് ഡെ കെയര്‍ സെന്‍ററിലുള്ളത്. ട്രംപ് പ്രസിഡന്‍റായാല്‍ യു.എസ് വിട്ടുപോകേണ്ടിവരുമോയെന്ന് ആ കുരുന്നുകള്‍ പലതവണ എന്‍െറ വിദ്യാര്‍ഥിനിയോട് ചോദിച്ചത്രെ.

ലോകത്തെ മാന്യരും സത്യസന്ധരുമെന്ന് അവകാശപ്പെടുന്ന അമേരിക്കക്ക്, ഇതെല്ലാം അനുവദിക്കാനായതെങ്ങനെ? തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ എങ്ങനെയാണ് നമ്മുടെ ധാരണകളെ തകിടം മറിച്ചതെന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കും. തൊഴിലാളി വര്‍ഗത്തിന്‍െറ ഭരണവിരുദ്ധത മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെട്ടെന്നും, ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ ഹിലരി പരാജയപ്പെട്ടെന്നുമെല്ലാം നാം വായിച്ചേക്കും. എന്നാല്‍, യു.എസ് മാറിക്കൊണ്ടിരിക്കുകയാണെന്നും അത് നാശത്തിലേക്ക് പോവുകയാണെന്നുമുള്ള വസ്തുതമാത്രം ആ ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെടുകയില്ല.

നിര്‍വികാരയായ ഹിലരിക്ക് പകരം നാം സ്ത്രീലമ്പടനായ  ട്രംപിനെ തെരഞ്ഞെടുത്തിരിക്കുന്നു. യു.എസിന്‍െറ പുരുഷാധിപത്യ മനോഭാവമാണ് അതില്‍ പങ്കുവഹിച്ചതെന്ന് നിഷേധിക്കുന്നത് കണ്ണടച്ച് ഇരുട്ടാണെന്ന് പറയുന്നതിന് തുല്യമാണ്.
ട്രംപിനെയും അദ്ദേഹത്തിന്‍െറ ജയം സുനിശ്ചിതമാക്കിയ ഇസ്ലാമോഫോബിയയെയും ഞങ്ങള്‍ ഭയക്കുന്നു. പിന്നിലൊരു കണ്ണോടുകൂടിയായിരിക്കും യു.എസിന്‍െറ തെരുവില്‍ ഇനി ഓരോ മുസ്ലിമും നടക്കുക. എന്നാല്‍, നമുക്കെല്ലാം കാനഡയിലേക്ക് പോകാം എന്ന തമാശ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അമേരിക്കയിലെ മുസ്ലിംകളല്ല. അത്തരമൊരു തമാശ ഈയവസരത്തില്‍ പ്രകടിപ്പിക്കാനാവില്ല.

ഈ വിപത്തിനെ ഞങ്ങള്‍ നേരിട്ടേ മതിയാവൂ. ഇവിടെനിന്നും പോവുന്നതിനെക്കുറിച്ചല്ല, ഇതിനെതിരെ ഇവിടെനിന്ന് പോരാടുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

മുസ്ലിംകള്‍, കുടിയേറ്റക്കാര്‍, കറുത്തവര്‍, കുട്ടികള്‍ എല്ലാം ഈ ഭീകരയാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുകയാണ്.  ഭീതിജനകമായ പലതും ട്രംപ് പറഞ്ഞുവെച്ചിരിക്കുന്നു. രക്തദാഹികളായ അനുയായികളെ തൃപ്തിപ്പെടുത്താനല്ളെങ്കിലും, വിശ്വാസ്യത സംരക്ഷിക്കാനെങ്കിലും, താന്‍ പറഞ്ഞതില്‍ ചില കാര്യങ്ങളെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കില്ലല്ളോ?ഞാനും എന്‍െറ മുസ്ലിം സുഹൃത്തുക്കളും ഭീതിയിലാണ്. പക്ഷേ, ഇനി പേടിക്കാതിരിക്കാനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ച, രാജ്യത്തിന്‍െറ ആത്മാവ് സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്തിരിക്കും.

(ന്യൂയോര്‍കിലെ ബ്രൂക്ലിന്‍ കോളജ് ഇംഗ്ളീഷ് പ്രഫസറും എഴുത്തുകാരനുമാണ് ലേഖകന്‍)

 

Tags:    
News Summary - we muslims are in fear,but...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.