ദ.സുഡാനെതിരെ ആയുധ ഉപരോധം രക്ഷാസമിതിയില്‍ യു.എസ് പ്രമേയം

വാഷിങ്ടണ്‍:  ആഭ്യന്തരകലാപം തുടരുന്ന ദക്ഷിണ സുഡാനെതിരെ ആയുധ ഉപരോധം പ്രഖ്യാപിക്കാന്‍ രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിന്‍െറ കരട് രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ദിന്‍ക വംശജനായ ദക്ഷിണ സുഡാന്‍ പ്രസിഡന്‍റ് സല്‍വാ കീറും ന്യൂയര്‍ വംശജന്‍ മുന്‍ വൈസ് പ്രസിഡന്‍റ് റീക് മഷാറും തമ്മിലുണ്ടായ ഭിന്നതകള്‍ വംശീയ സംഘര്‍ഷങ്ങള്‍ക്കും തുടര്‍ന്ന് ആഭ്യന്തര കലാപത്തിനും വഴിവെക്കുകയായിരുന്നു.

2015ല്‍ ഇരുനേതാക്കളും സമാധാനസന്ധിയില്‍ ഒപ്പുവെച്ചെങ്കിലും ആഭ്യന്തര കലാപം ശമനമില്ലാതെ തുടരുകയാണ്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മഷാര്‍ രാജ്യം വിട്ടത്.

ദക്ഷിണ സുഡാനിലെ സംഘര്‍ഷം വംശീയ സ്വഭാവം കൈവരിച്ചുകഴിഞ്ഞെന്നും സിവിലിയന്മാരെ ഉന്നമിട്ട് വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുന്നതായും ഈയിടെ അവിടം സന്ദര്‍ശിച്ച യു.എന്‍ ദൂതന്‍ അദാമ ഡിങ് രക്ഷാസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ ദുരവസ്ഥക്ക് അടിയന്തരമായി കടിഞ്ഞാണിടാന്‍ രക്ഷാസമിതി അംഗരാജ്യങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

നിര്‍ദേശം ഗൗരവപൂര്‍വം പരിഗണനയിലെടുത്തശേഷമാണ് ആയുധ ഉപരോധ പ്രമേയത്തിന് തയാറായതെന്ന് അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ അറിയിച്ചു.

Tags:    
News Summary - us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.