വാഷിങ്ടൺ: ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയനുമായി ഒപ്പുവെച്ച െഎ.എൻ.എഫ് മിസൈൽ കരാറിൽനിന്ന് (ഇൻറർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് ട്രീറ്റി) പിൻവാങ്ങാൻ യു.എസ് തീരുമാനിച്ചു. കരാർ വ്യവസ്ഥകൾ റഷ്യ ലംഘിച്ചുവെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടത്തിെൻറ നീക്കം. കരാർ പിൻമാറ്റം ഇന്നു മുതൽ പ്രാബല്യത്തിലാവുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. റഷ്യ ലംഘനം തുടർന്ന സാഹചര്യത്തിൽ 30 വർഷമായി യു.എസ് കരാർ പൂർണമായും പാലിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് പിൻമാറ്റം ആദ്യം പ്രഖ്യാപിച്ചത്.
ആണവരാജ്യങ്ങൾക്കിടയിൽ പുതിയ ആയുധമത്സരത്തിനു കാരണമാകും ഇതെന്നാണ് വിലയിരുത്തൽ. റഷ്യയുടെ മിസൈൽ നിർമാണത്തെ ചൊല്ലി ദീർഘകാലമായി യു.എസ് കലഹിക്കുകയാണ്. 500 മുതൽ 5500 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ള, കരയിൽനിന്ന് വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈലുകൾ നിർമിക്കാൻ പാടില്ലെന്നാണ് കരാർ വ്യവസ്ഥ. അത് പാലിക്കാൻ റഷ്യ തയാറാകുന്നില്ലെന്നാണ് യു.എസിെൻറ ആരോപണം. വ്യവസ്ഥകൾ പാലിക്കാൻ യു.എസ് റഷ്യക്ക് കഴിഞ്ഞ ഡിസംബറിൽ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇന്നാണ് സമയപരിധി അവസാനിക്കുന്നത്.
കരാർ പിന്മാറ്റം യു.എസും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ മോശമാക്കും. കരാർ വിട്ടാലും വൻ തോതിൽ ആയുധങ്ങൾ നിർമിക്കാൻ റഷ്യയെ അനുവദിക്കില്ലെന്ന് യു.എസ് അറിയിച്ചു. ചൈന കരാറിൽ ഒപ്പുവെക്കാത്തതും യു.എസിെന പ്രകോപിപ്പിക്കുന്നുണ്ട്. കരാറിെൻറ ഭാഗമാവാത്തതിനാൽ വിവിധ പരിധിയിലുള്ള മിസൈലുകൾ നിർമിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയാകാൻ ചൈനക്കു സാധിക്കുന്നുവെന്നാണ് യു.എസിെൻറ വാദം. കരാറിൽനിന്ന് പിൻവാങ്ങുന്നതോടെ ഇത്തരം മിസൈലുകൾ നിർമിച്ച് ചൈനയുടെ ഭീഷണി തടുക്കാമെന്നാണ് കണക്കുകൂട്ടൽ.
ഹ്രസ്വ-മധ്യദൂര മിസൈലുകൾ നിർമിക്കുന്നത് തടയുന്നത് ലക്ഷ്യം വെച്ച് 1987 ഡിസംബർ എട്ടിന് യു.എസ് പ്രസിഡൻറായിരുന്ന റൊണാൾഡ് റീഗനും സോവിയറ്റ് യൂനിയൻ നേതാവ് മിഖായേൽ ഗോർബച്ചേവും ആണ് കരാർ ഒപ്പുവെച്ചത്. 1988 ജൂണിൽ കരാർ പ്രാബല്യത്തിലായി. വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി 2018 ഡിസംബറിൽ പിൻമാറുകയാണെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയതാണ്.2014ൽ റഷ്യ െഎ.എൻ.എഫ് കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഒബാമ ഭരണകൂടം രംഗത്തെത്തിയിരുന്നു. യൂറോപ്യൻ യൂനിയെൻറ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് കരാറിൽ നിന്ന് പിൻമാറാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.