പൊളിച്ചടുക്കല്‍ സൂചനയുമായി ട്രംപ്

ന്യൂയോര്‍ക്: സത്യപ്രതിജ്ഞക്ക് ദിവസങ്ങള്‍മാത്രം അവശേഷിക്കെ ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും നയങ്ങളും പൊളിച്ചെഴുതുമെന്ന് സൂചിപ്പിച്ച് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ബ്രിട്ടീഷ്, ജര്‍മന്‍ പത്രങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഭയാര്‍ഥി പ്രശ്നത്തിലുള്‍പ്പെടെ സമൂലമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനുപുറമെ, ഒബാമ ഭരണകൂടം കൊണ്ടുവന്ന ആരോഗ്യ പരിരക്ഷ പദ്ധതികള്‍ക്ക് ബദല്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് പിഴച്ചുവെന്ന് ട്രംപ് പറഞ്ഞു. പത്ത് ലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ പ്രഖ്യാപനം ദുരന്തപൂര്‍ണമായ അബദ്ധമായിരുന്നു. ഇത് അവരുടെ രാഷ്ട്രീയ നിലനില്‍പിനെ തന്നെ അപകടത്തിലാക്കി. ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ടാകും അമേരിക്ക പുതിയ അഭയാര്‍ഥിനയം രൂപവത്കരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭയാര്‍ഥികള്‍ക്ക് പുറത്തുപോകേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നല്‍കി.
അതേസമയം, ബ്രെക്സിറ്റിനെ അദ്ദേഹം പ്രശംസിച്ചു. ചരിത്രത്തില്‍ ബ്രിട്ടന്‍ കൈക്കൊണ്ട ഏറ്റവും സമര്‍ഥമായ തീരുമാനമായിരുന്നു ബ്രെക്സിറ്റ്. എന്നാല്‍, അമേരിക്കയുള്‍പ്പെടെയുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിനെ അദ്ദേഹം വിമര്‍ശിച്ചു. ഏറ്റവും ബുദ്ധിശൂന്യമായ കരാര്‍ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.  ആണവായുധ ഇടപാടുകളില്‍ റഷ്യ വിട്ടുവീഴ്ച കാണിച്ചാല്‍, അവര്‍ക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.