ക്വാലാലംപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. പെർദാനപുത്ര കോംപ്ലക്സിലെ ‘പുത്രജയ’യിലായിരുന്നു ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയുമായുള്ള മോദിയുടെ സംഗമം. 92കാരനായ മഹാതീർ മുഹമ്മദ് അധികാരമേറ്റ ശേഷം ആദ്യമായാണ് ലോക നേതാവ് അദ്ദേഹത്തെ കാണാനെത്തുന്നതെന്ന പ്രത്യേകതയും കൂടിക്കാഴ്ചക്കുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മോദി മലേഷ്യൻ സന്ദർശനത്തിന് എത്തിയത്.
ഇരു നേതാക്കളും ഇന്ത്യയും മലേഷ്യയും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകത എടുത്തുപറഞ്ഞു. മഹാതീറിനെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച മോദി അദ്ദേഹത്തിെൻറ അധികാരലബ്ധിയെ അഭിനന്ദിച്ചതായും ഉൗഷ്മളമായ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചതായും പിന്നീട് ട്വീറ്റ് ചെയ്തു. സാമ്പത്തിക, സാംസ്കാരിക വിനിമയം ശക്തമാക്കുന്നതിനാവശ്യമായ നടപടികളും ചർച്ചയിൽ വിഷയീഭവിച്ചു. മലേഷ്യ ഇന്ത്യയുടെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ചരിത്ര, സാംസ്കാരിക തലങ്ങളിൽ ഉറ്റ സൗഹൃദം തുടരുന്ന മലേഷ്യയും ഇന്ത്യയും തമ്മിൽ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ടൂറിസം, പ്രതിരോധം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാണ്.
അഞ്ചു ദിവസം നീളുന്ന ദക്ഷിണേഷ്യൻ പര്യടനത്തിെൻറ ഭാഗമായാണ് നരേന്ദ്ര മോദി മലേഷ്യയിലെത്തിയത്. നേരത്തെ, ജകാർത്തയിൽ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോയുമായി നിരവധി കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഹ്രസ്വ സന്ദർശനത്തിനാണ് തുടർന്ന് മലേഷ്യയിലെത്തിയത്. മഹാതീറുമായി കൂടിക്കാഴ്ചക്കു ശേഷം മോദി സിംഗപ്പൂരിലെത്തി. അവിടെ, മൂന്ന് ഇന്ത്യൻ മൊബൈൽ ആപ്ലിക്കേഷനുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഭീം, റൂപേ, എസ്.ബി.െഎ ആപ് എന്നിവയാണ് സിംഗപ്പൂരിൽ പ്രധാനമന്ത്രി തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.